അഡിഡാസ്: ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ ത്രീ സ്ട്രൈപ്പ് ഡിസൈനിന് എതിരെയുള്ള പരാതി പിൻവലിച്ചു
ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ ത്രീ സ്ട്രൈപ്പ് ഡിസൈനിന് എതിരെയുള്ള പരാതി പിൻവലിച്ച് പ്രമുഖ ജർമ്മൻ സ്പോർട്സ് വെയർ നിർമ്മാതാക്കളായ അഡിഡാസ്. യുഎസ് ട്രേഡ് മാർക്ക് ഏജൻസിയിലാണ് അഡിഡാസ് പരാതി രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനു ശേഷം അഡിഡാസ് പരാതി പിൻവലിക്കുകയായിരുന്നു. ബ്ലാക്ക് ലൈവ്സ് മാറ്റർ ഗ്ലോബൽ നെറ്റ്വർക്ക് ഫൗണ്ടേഷന്റെ ലോഗോയ്ക്കെതിരെയുള്ള പരാതി അഡിഡാസ് എത്രയും വേഗം പിൻവലിക്കുമെന്ന് കമ്പനി വക്താവ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
ബ്ലാക്ക് ലൈവ്സ് മാറ്റർ ഗ്ലോബൽ നെറ്റ്വർക്ക് ഫൗണ്ടേഷന്റെ ലോഗോ വസ്ത്രങ്ങളിൽ അടയാളപ്പെടുത്തുമ്പോൾ അഡിഡാസിന്റെ ലോഗോയുമായി സാമ്യമുണ്ടാകാൻ ഇടയുണ്ടെന്നും, ഇത് ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നുമാണ് അഡിഡാസിന്റെ പരാതി. ടീ- ഷർട്ടുകളും, ബാഗുകളും ഉൾപ്പെടെ ബ്ലാക്ക് ലൈവ്സ് മാറ്റർ ഗ്ലോബൽ നെറ്റ്വർക്ക് പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളിൽ മൂന്ന് വരെ അടയാളം ഉൾപ്പെടുത്തുന്നത് തടയാൻ അഡിഡാസ് ട്രേഡ് മാർക്ക് ഓഫീസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയാണ് അഡിഡാസ് പിൻവലിച്ചിരിക്കുന്നത്.