പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യ : പീഡിപ്പിച്ച ശേഷം മുങ്ങിയ 18കാരൻ അറസ്റ്റിൽ
ചെങ്ങമനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പുത്തൻവേലിക്കര കല്ലേപ്പറമ്പ് പുളിക്കൽ വീട്ടിൽ താമസിക്കുന്ന തൃശൂർ മേലൂർ കല്ലൂത്തി സ്വദേശി റോഷനെയാണ്(18) അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
14കാരിയായ പെൺകുട്ടി കഴിഞ്ഞ മാസമാണ് ആത്മഹത്യ ചെയ്തത്. മരിച്ച പെൺകുട്ടിയെ പ്രതി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് കൂടുതൽ അടുപ്പം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോൺ വഴി പെൺകുട്ടിയുടെ നഗ്നദൃശങ്ങൾ നിർബന്ധിച്ച് വാങ്ങിയ ശേഷം പ്രതി ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പെൺകുട്ടി ലൈംഗിക അതിക്രമണത്തിന് ഇരയായതായി തെളിവുണ്ടായിരുന്നു. തുടർന്ന്, ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന്, പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഡി.വൈ.എസ്.പി പി.കെ. ശിവൻകുട്ടി, ഇൻസ്പെക്ടർ കെ. ബിജുകുമാർ, എസ്.ഐ മാരായ ടി.എം സൂഫി, ടി.കെ. സുധീർ, ദീപ എസ്. നായർ, എ.എസ്.ഐ ബിനു മോൻ, എസ്.സി.പി.ഒമാരായ കെ.വി. ബിനോജ്, ജിനി മോൾ, ലിൻസൺ പൗലോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.