മഹാത്മാഗാന്ധിയെക്കാൾ മഹാനാണ് ഏട്ടൻ എന്നു തോന്നിയിട്ടുണ്ട്, ചില സന്ദർഭങ്ങളിൽ പാരയുമാണ്: ധ്യാൻ ശ്രീനിവാസൻ
സഹോദരനായ വിനീത് ശ്രീനിവാസൻ തന്നെ മകനെപ്പോലെയാണ് കാണുന്നതെന്നും മഹാത്മാഗാന്ധിയെക്കാൾ മഹാനാണ് ഏട്ടൻ എന്നു തോന്നിയിട്ടുണ്ടെന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇത് പറഞ്ഞത്.
ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ,
‘ഏട്ടൻ എന്നെ മകനെപ്പോലെയാണു കാണുന്നത്. അത്രയ്ക്കു സ്നേഹവും കരുതലുമാണ്. ചില സന്ദർഭങ്ങളിൽ പാരയുമാണ്. ഉദാഹരണത്തിന് ഏട്ടൻ പരീക്ഷയ്ക്ക് 92 ശതമാനം മാർക്ക് വാങ്ങി. എനിക്കു കിട്ടിയത് 82 ശതമാനം. അന്നു മുതൽ എന്റെ കഷ്ടകാലം തുടങ്ങി.
മഹാത്മാഗാന്ധിയെക്കാൾ മഹാനാണ് ഏട്ടൻ എന്നു തോന്നിയിട്ടുണ്ട്. മഹാത്മാഗാന്ധി ജനിക്കുന്നതിന് ഒരു ദിവസം മുൻപാണ് ഏട്ടൻ ജനിച്ചത്. ഗാന്ധിജയന്തി ഒക്ടോബർ രണ്ടിനല്ലേ. കുട്ടിക്കാലത്തു മഹാത്മാഗാന്ധി കളവു പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ആത്മകഥയിലുണ്ട്. ഏട്ടൻ കുട്ടിക്കാലത്തുപോലും കളവു പറഞ്ഞിട്ടില്ല. ചീത്ത വിളിച്ചിട്ടുണ്ടെങ്കിൽ അത് എന്നെ മാത്രമായിരിക്കും. ഒന്നു രണ്ടു പാട്ടൊക്കെ പാടിയ സമയത്ത് ഏട്ടൻ ചെന്നൈയിൽ ചെറിയൊരു ഫ്ലാറ്റ് എടുത്തു താമസം തുടങ്ങി. ഞാൻ ലോഡ്ജിൽ താമസിക്കുന്നതിൽ മൂപ്പർക്കു വിഷമമുണ്ട്. ദുബായിൽ സ്റ്റേജ് പ്രോഗ്രാം കിട്ടിയപ്പോൾ ഏട്ടൻ എന്നെ വിളിച്ചു. കുറച്ചു പണം തന്നിട്ടു ഫ്ലാറ്റിൽ നിന്നോളാൻ പറഞ്ഞു. ഏട്ടനെ എയർപോർട്ടിൽ വിട്ടിട്ട് കൂട്ടുകാരെയെല്ലാം കൂട്ടി ഞാൻ ഫ്ലാറ്റിലെത്തി. ആഘോഷം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ആരോ കോളിങ് ബെൽ അമർത്തുന്നു. ആരെന്നു പോലും നോക്കാതെ ഞാൻ പറഞ്ഞു, ‘ഏട്ടനിവിടില്ല, രണ്ടു ദിവസം കഴിഞ്ഞേ വരൂ’. മറുപടി ശബ്ദം കേട്ടപ്പോൾ എന്റെ കിളി പോയി. ഫ്ലൈറ്റ് മിസ്സായി തിരിച്ചു ദേ, മുന്നിൽ വന്നു നിൽക്കുന്നു എന്റെ ഏട്ടൻ. അന്നു തനിസ്വരൂപം പുറത്തു വന്നു. ആർക്കായാലും ദേഷ്യം വരുമല്ലോ. ചുരുക്കിപ്പറഞ്ഞാൽ എന്റെ താമസം വീണ്ടും ലോഡ്ജിലായി.’