സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
കൊച്ചി: സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശി വിജേഷ് പിള്ള നല്കിയ പരാതിയിലാണ് അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള സംഭവവികാസങ്ങൾ ഒത്തുതീർപ്പാക്കാൻ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡിജിപിക്ക് പരാതി നൽകിയത്.
പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ചിന്റെ കണ്ണൂര് യൂണിറ്റിനാണ് അന്വേഷണ ചുമതല. അതേസമയം വിജേഷ് പിള്ളയ്ക്കെതിരെ സ്വപ്ന കർണാടക പോലീസിൽ നൽകിയ പരാതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇവർ കൂടിക്കാഴ്ച നടത്തിയ ഹോട്ടലിൽ സ്വപ്നയോടൊപ്പം കർണാടക പോലീസ് തെളിവെടുപ്പ് നടത്തി.
ഹോട്ടലിൽ വിജേഷ് പിള്ളക്കൊപ്പം മറ്റൊരാളും ഉണ്ടായതായാണ് വിവരം. വിഷയത്തിൽ കർണാടക പോലീസ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷം വിജേഷ് പിള്ളയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനിടെയാണ് കേരളത്തിൽ സ്വപ്നയ്ക്കെതിരെ കേസ്.