പ്രോഫിറ്റല്ല, ബിജെപിയുടെ കേരളത്തിലെ ഇന്‍വെസ്റ്റ്‌മെന്റ് ആണ് അനില്‍ ആന്റണി : ശ്രീജിത്ത് പണിക്കര്‍

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന സംഭവം കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയുടെ 44–ാം സ്ഥാപകദിനമായ വ്യാഴാഴ്ച പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ്ഗോയല്‍ അനില്‍ ആന്റണിക്ക് അംഗത്വം നല്‍കി. നിരവധി പേര്‍ അനിലിന്റെ ബിജെപിയിലേയ്ക്കുള്ള മാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിട്ടുണ്ട്.

അനിലിന്റെ ബിജെപിയിലേയ്ക്കുള്ള വരവിനെ, ബിജെപിയുടെ കേരളത്തിലെ പ്രോഫിറ്റ് അല്ല, ഇന്‍വെസ്റ്റ്്‌മെന്റ് എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ വിലയിരുത്തുന്നത്. ഏഷ്യാനെറ്റിലെ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അനിലിന്റെ ബിജെപിയിലേയ്ക്കുള്ള ചുവടുമാറ്റത്തെ കുറിച്ച് വിലയിരുത്തിയത്.

കോണ്‍ഗ്രസുകാരന്‍, സംസ്ഥാന-ദേശീയ ഭാരവാഹി, മുതിര്‍ന്ന നേതാവിന്റെ മകന്‍, പ്രൊഫഷണല്‍, ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടയാള്‍, ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ പ്രോഫിറ്റല്ല, ബിജെപിയുടെ കേരളത്തിലെ ഇന്‍വെസ്റ്റ്മെന്റ് ആണ് അനില്‍ ആന്റണി എന്ന് ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു. അനിലിന്റെ ബിജെപി പ്രവേശനത്തെ കോണ്‍ഗ്രസുകാര്‍ എതിര്‍ക്കുന്നത് എന്തിനെന്നും, ഇതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ നേതാക്കന്‍മാര്‍ അനിലിനെ ക്രൂശിക്കേണ്ടതുണ്ടോ എന്നും ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു.