മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കും: ആരോഗ്യ മന്ത്രി

തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എം. എൽ. എ എച്ച് സലാം ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ഈ സംവിധാനത്തെ ആശ്രയിക്കാനും പരാതി അറിയിക്കാനും കഴിയും. അത്തരം പരാതികൾ പരിഹരിക്കാനുള്ള സ്ഥിരം സംവിധാനമാവും ഇത്.

ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിനു മുന്നിലെത്തിയ റിപ്പോർട്ടിൽ വസ്തുതകൾ പരിശോധിച്ച് ഡി. എം. ഇയോട് വിശദാംശങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സാധാരണക്കാർ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളാണ് സർക്കാർ ആശുപത്രികൾ. അവിടെ ഗുണനിലവാരമുള്ള ചികിത്സ ലഭിക്കണം. പിഴവുകൾ ഉണ്ടാവാനും പാടില്ല. പിഴവുകൾ സംഭവിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം ഡോക്ടർമാർക്കും നാണക്കേടുണ്ടാക്കുന്ന വിധത്തിൽ വളരെ കുറച്ചു പേർ പ്രവർത്തിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി സഭയെ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പരാതികളിൽ സർക്കാർ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി തെറ്റുചെയ്യുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് എച്ച്. സലാം എം. എൽ. എ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിച്ച് ആവശ്യമായി നടപടി സ്വീകരിക്കണം. കോടികൾ ചെലവഴിച്ച് ചികിത്സ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. അതിന് പ്രയാസമുണ്ടാക്കുന്ന നടപടിയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ സ്വീകരിക്കുന്നതെന്ന് എം. എൽ. എ പറഞ്ഞു.