കൊല്ലം : കേരളത്തിൽ കലാ – സാംസ്കാരിക പ്രവർത്തകർക്ക് സ്വതന്ത്രമായും സുതാര്യമായും പ്രവർത്തിക്കാനുള്ള സാമൂഹ്യ സുരക്ഷയുണ്ടെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്. സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആശ്രാമം മൈതാനത്ത് എക്സിബിഷൻ കമ്മിറ്റി സംഘടിപ്പിച്ച ചിത്രരചന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉണ്ടായതു കൊണ്ടു മാത്രമാണ് ഈ സ്വാതന്ത്ര്യമെന്നും മുരളി ചീരോത്ത് അഭിപ്രായപ്പെട്ടു.
മുൻപ് എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം നിർത്തി വയ്പിക്കാൻ കേന്ദ്രസർക്കാരിൽ നിന്നുണ്ടായ നീക്കം അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ അന്നത് വിജയിക്കാതിരുന്നത് ഇത് കേരളമായതു കൊണ്ടാണ്. മറ്റേത് സംസ്ഥാനത്തായിരുന്നെങ്കിലും ആ പ്രദർശനം അപ്പോൾ തന്നെ ഉപേക്ഷിക്കേണ്ടി വരുമായിരുന്നു എന്നും മുരളി ചീരോത്ത് കൂട്ടിച്ചേർത്തു.
എക്സിബിഷൻ കമ്മിറ്റി ചെയർമാൻ ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. കൺവീനർ എസ് എൽ സജികുമാർ, വി.കെ അനിരുദ്ധൻ, എം എച്ച് ഷാരിയർ, ചിത്രകാരൻ എസ് ഷിജിത്ത്, സുഗതകുമാരി എന്നിവർ പ്രസംഗിച്ചു. സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉൾപ്പടെയുള്ളവർ പിന്നീട് ഈ ചിത്രരചന കാണാനെത്തി.
സി പി ഐ എം 24 -ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായാണ് മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. ഇതിൻ്റെ സൂചകമായി 24 ചിത്രകാരൻമാരാണ് ചിത്രരചനയിൽ ഏർപ്പെട്ടത്. ഈ ചിത്രങ്ങൾ ആശ്രാമത്തെ സമ്മേളന നഗരിയിൽ പ്രദർശിപ്പിക്കും.