പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചവർ പിടിയിൽ

കൊല്ലം : ചടയമംഗലം ബാറിൽ ഉണ്ടായ വാക്കു തർക്കത്തിൽ സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തെ തുടർന്ന് പ്രദേശത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവർ പൊലീസ് പിടിയിൽ.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുകയും പോലീസിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തകേസിൽ ഏഴുപേർ പിടിയിൽ.
ചടയമംഗലം അൻസാരി മൻസ്സിലിൽ ബുഹാരി (37), ഇളമ്പഴന്നൂർ ഷെഹിൻ മൻസിൽ ഷെഹിൻ (29), പരുത്തി പൊയ്ക മുനീർ മനസ്സിലിൽ മുബീർ (31), കാഞ്ഞാംപുറത്ത് വീട്ടിൽ ഷമീർ (37), ഇളമ്പഴന്നൂർ നുജാഫ് മൻസിൽ മുഹമ്മദ് ഷാൻ (35), കിഴുതോണി റാഷിദ് മൻസിൽ റാഷീദ് (35), എം എസ് മനസിലിൽ ഷാൻ (34) എന്നിവരാണ് പോലീസ് പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് പിടിയിലായ പ്രതികൾ.

ശനിയാഴ്ച രാത്രി ബാറിൽ നടന്ന അക്രമത്തിൽ ബാർ ജീവനക്കാരന്റെ കുത്തേറ്റ് സി ഐ ടി യു പ്രവർത്തകൻ മരണപ്പെട്ടിരിന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഐഎം, സിഐടിയു പ്രവർത്തകരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
എന്നാൽ ഓട്ടോ സ്റ്റാൻഡിലെ ചില ആട്ടോ ഡ്രൈവർമാർ അടക്കമുള്ള വിവിധ കേസുകളിൽ പെട്ട പത്തംഗ സംഘ ക്രിമിനൽ സംഘം പലതവണ ബാറിനു നേരെ കല്ലെറിഞ്ഞു. തുടർന്ന്
വൈകിട്ട് അഞ്ചുമണിയോടെ പോലീസ് സ്റ്റേഷന് സമീപം ഈ സംഘം എത്തുകയും എംസി റോഡിൽ നിന്നുകൊണ്ട് പോലീസുകാർക്ക് നേരെ കല്ലെറിയുകയും, വിവിധ കേസുകളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ എറിഞ്ഞു തകർക്കുകയും ചെയ്തു.കല്ലേറില്‍ പോലീസുകാർക്ക് നിസ്സാര പരിക്കേറ്റു.

എസ് എച്ച് ഒ എൻ.സുനീഷ്,എസ് ഐമാരായ മോനിഷ്, അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം അക്രമത്തിനുശേഷം ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചവരെ പിടികൂടുകയായിരുന്നു.
ഏഴു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു