ഐ എസ് ആർ ഒ ചാര കേസ് കെട്ടിച്ചമച്ചത് ; പിന്നിൽ ലൈംഗിക താത്പര്യം നിഷേധിച്ചത്

തിരുവനന്തപുരം : ഐഎസ്‌ആർഒ ചാരക്കേസിന് പിന്നില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക താത്പര്യം നിഷേധിച്ചതാണെന്ന സിബിഐ കണ്ടെത്തലിൽ ഞെട്ടി കേരളം.
സ്പെഷ്യല്‍ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന എസ്. വിജയന്റെ ലൈം ഗിക താത്പര്യത്തിന് മറിയം റഷീദ വഴങ്ങാതിരുന്നതിന്റെ പകയിലാണ് ചാരക്കേസ് ജനിക്കുന്നത് എന്നാണ് സിബിഐ കണ്ടെത്തല്‍. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

എസ് വിജയന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങാത്തതിലെ നീരസമാണ് മറിയം റഷീദയെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചതെന്നും പിന്നീട് അത് മറയ്ക്കാനായി കൂടുതല്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുകയുമായിരുന്നുവെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. സിബി മാത്യൂസ്, കെ കെ ജോഷ്വാ, ആർ.ബി. ശ്രീകുമാർ, എസ്. വിജയൻ, പി.എസ്. ജയപ്രകാശ് എന്നിവർ ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ തയ്യാറാക്കി അനധികൃത അറസ്റ്റുകള്‍ നടത്തി ഇരകളെ പീഡിപ്പിക്കുകയായിരുന്നുവെന്നും സി.ബി.ഐ കുറ്റപ്പെടുത്തുന്നു. മറിയം റഷീദയെ ലൈംഗികമായി പീഡിപ്പിക്കാനും എസ്. വിജയൻ ശ്രമിച്ചു. ഈ നാലുപേരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.

ഐഎഎസ്‌ആർഒ ചാരക്കേസ് ഗൂഢാലോചന സംബന്ധിച്ച കുറ്റപത്രത്തില്‍ കേരള സർക്കാരിനെതിരെയും സിബിഐ. ഐഎസ്‌ആർഒ ചാരക്കേസ് അന്വേഷിച്ചതില്‍ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്. വിജയൻ എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ സർക്കാർ ചാരക്കേസ് വീണ്ടും അന്വേഷിക്കാനാണ് ഉത്തരവിട്ടത്. എന്നാല്‍ ആ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എങ്കിലും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം. ഇതിനെതിരെ നമ്ബി നാരായണൻ സുപ്രീംകോടതിയിലെത്തി. നമ്ബി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ നിർദേശിച്ച കോടതി കേസില്‍ അദ്ദേഹത്തെ കുടുക്കിയത് സംബന്ധിച്ച്‌ അന്വേഷിക്കാൻ ജസ്റ്റിസ് ഡി.കെ.ജയിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി നിർദേശപ്രകാരമാണ് 2021 മേയില്‍ ഗൂഢാലോചന സംബന്ധിച്ച്‌ കേസെടുത്തത്. കേരളാ പൊലീസിലെ ഏഴ് ഉദ്യോഗസ്ഥരുടെയും 11 ഐബി ഉദ്യോഗസ്ഥരുടെയും പേരിലാണ് കേസ്.

സിബിഐ നടത്തിയ അന്വേഷണത്തില്‍ മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും തിരുവനന്തപുരത്ത് ഹോട്ടല്‍ സാമ്രാട്ടില്‍ 1994 സെപ്റ്റംബർ 17 മുതല്‍ താമസിച്ചിരുന്നതായി കണ്ടെത്തി. വീസാ കാലാവധി കഴിയാനിരുന്നതിനാല്‍ പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ എത്തി സ്‌പെഷല്‍ ബ്രാഞ്ച് സിഐ എസ്.വിജയനെ കണ്ടു. ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റും പാസ്‌പോർട്ടും വാങ്ങിവച്ച വിജയൻ, വീണ്ടും വരാൻ മറിയം റഷീദയോടു പറഞ്ഞു. ഒക്‌ടോബർ 13 ന് ഇവർ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തിയ വിജയൻ ഫൗസിയ ഹസനോടു പുറത്തുപോകാൻ പറഞ്ഞു. തുടർന്ന് മുറിയടച്ച വിജയൻ ലൈംഗികതാല്‍പര്യത്തോടെ മറിയം റഷീദയെ സമീപിച്ച്‌ അവരെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. എന്നാല്‍ അവർ ചെറുത്തതോടെ വിജയൻ പെട്ടെന്ന് മുറിവിട്ടു പുറത്തുപോയി.

തുടർന്ന് ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്ന്, മറിയം റഷീദ ഐഎസ്‌ആർഒയില്‍ ജോലി ചെയ്തിരുന്ന ഡി.ശശികുമാരൻ എന്ന ശാസ്ത്രജ്ഞനെ ഫോണില്‍ ബന്ധപ്പെട്ടതായി വിജയന് വിവരം ലഭിച്ചു. മാലദ്വീപ് സ്വദേശിനി ഐഎസ്‌ആർഒ ശാസ്ത്രജ്ഞനെ വിളിച്ച വിവരം വിജയൻ പൊലീസ് കമ്മിഷണർ വി.ആർ.രാജീവനെ അറിയിച്ചു. ഇദ്ദേഹം അക്കാര്യം എസ്‌ഐബി ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ആർ.ബി.ശ്രീകുമാറിനെയും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐബി ഉദ്യോഗസ്ഥരായ എം.ജെ.പുന്നനും ജി.എസ്.നായരും മറിയം റഷീദയും ഫൗസിയ ഹസനും താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഫൗസിയ ഹസൻ ഒക്‌ടോബർ 19-ന് ഹോട്ടല്‍ വിട്ട് ബെംഗളൂരുവിലേക്കു പോയി. എന്നാല്‍ വിജയൻ പാസ്‌പോർട്ട് പിടിച്ചുവച്ചിരുന്നതിനാല്‍ മറിയം റഷീദയ്ക്ക് തിരുവനന്തപുരത്തുനിന്ന് ശ്രീലങ്കയിലേക്കു പോകാൻ കഴിഞ്ഞില്ല. രേഖകള്‍ മടക്കിക്കിട്ടാൻ പല തവണ ഓഫിസില്‍ എത്തിയെങ്കിലും വിജയൻ ഇല്ലെന്ന മറുപടിയാണ് അവർക്കു കിട്ടിയത്. 20 ന് അവർ ഹോട്ടല്‍ വിട്ട് അവർക്കു പരിചയമുള്ളവർ താമസിക്കുന്ന വീട്ടിലേക്കു മാറി.

വീസാ കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ താമസിച്ച കുറ്റത്തിന് മറിയം റഷീദയ്‌ക്കെതിരെ കേസെടുക്കാൻ പൊലീസ് കമ്മിഷണർ നിർദേശിച്ചു. തുടർന്ന് 20 ന് അവരെ എസ്.വിജയൻ ഓഫിസിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. ഇതോടെ, മറിയം റഷീദ ശശികുമാരനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും പിഎസ്‌എല്‍വിയുടെ വിവരങ്ങള്‍ കൈമാറിയെന്നുമുള്ള തരത്തില്‍ വാർത്ത പ്രചരിച്ചു. മറിയത്തിനെ ചാരക്കേസില്‍ കുടുക്കാൻ എസ്.വിജയൻ മാധ്യമങ്ങള്‍ക്കു തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

മറിയം റഷീദയ്‌ക്കെതിരെ ഇന്ത്യയില്‍ വീസാ കാലാവധി കഴിഞ്ഞു താമസിച്ചുവെന്ന കുറ്റത്തിന് വഞ്ചിയൂർ പൊലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്. തുടർന്ന് മറിയം റഷീദയെ അറസ്റ്റ് ചെയ്തു. ആദ്യം കേസ് അന്വേഷിച്ചത് വഞ്ചിയൂർ എസ്‌ഐ ആയിരുന്ന തമ്ബി എസ്. ദുർഗാദത്ത് ആണ്. പിറ്റേന്ന് ഇവർ താമസിച്ചിരുന്ന സ്ഥലം പരിശോധിച്ച്‌ രേഖകള്‍ പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ മറിയം റഷീദയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പിടിച്ചെടുത്ത രേഖകള്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ സഹായത്തോടെ തർജമ ചെയ്തപ്പോള്‍ മാലദ്വീപ് സർക്കാരിനെ അട്ടിമറിക്കാനും പ്രസിഡന്റിനെ വധിക്കാനുമുള്ള പദ്ധതിയാണെന്നു കണ്ടെത്തി. 1994 നവംബർ മൂന്നിന് കേസന്വേഷണം എസ്.വിജയന് കൈമാറി. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ മറിയം റഷീദയെ സിആർപിഎഫ് ഗെസ്റ്റ് ഹൗസില്‍ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും പൊലീസും ചേർന്നു ചോദ്യം ചെയ്തു. ഇവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ പ്രവർത്തിച്ചുവെന്ന കുറ്റത്തിന് കേസെടുത്തു.

കേസ് അന്വേഷിച്ചിരുന്ന എസ്.വിജയൻ മറിയത്തിന് സിആർപിഎഫ് ക്യാംപിലെത്തിച്ച്‌ അനധികൃതമായി ഐബി ഉദ്യോഗസ്ഥർക്കു മുന്നില്‍ ചോദ്യം ചെയ്യലിനായി വിട്ടു നല്‍കിയെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. മറിയം റഷീദ ചാരവൃത്തിയില്‍ ഏർപ്പെട്ടുവെന്ന തരത്തില്‍ ഒരു പരാമർശവും കേസ് രേഖകളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പീന്നിട് എസ്.വിജയൻ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 1994 നവംബർ 13-ന് വഞ്ചിയൂർ പൊലീസ് ചാരക്കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. എപിപി ഹബീബ് പിള്ളയാണ് ചാരക്കേസ് റജിസ്റ്റർ ചെയ്യാൻ ഉപദേശിച്ചതെന്ന് വിജയൻ കേസ് ഡയറിയില്‍ എഴുതിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യലില്‍ ഹബീബ് പിള്ള അതു നിഷേധിച്ചു.

മറിയം റഷീദയെ പൊലീസ് കസ്റ്റഡിയില്‍ കിട്ടാൻ വേണ്ടി കെട്ടിച്ചമച്ചതാണ് ഐഎസ്‌ആർഒ ചാരക്കേസ് എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ മാലദ്വീപ് സ്വദേശിനിയായ ഫൗസിയ ഹസനെയും അറസ്റ്റ് ചെയ്തിരുന്നു.
നവംബർ 15-ന് ഡിജിപിയുടെ ഉത്തരവ് പ്രകാരം കേസ് ഡിഐജി സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനു കൈമാറി. എസ്പി ജി.ബാബുരാജ്, ഡിഎസ്പി കെ.കെ.ജോഷ്വ, എസ്‌ഐ എസ് ജോഗേഷ്, തമ്ബി എസ്. ദുർഗാദത്ത് എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. തുടർന്ന് സിബി മാത്യൂസിന്റെ നിർദേശപ്രകാരം നവംബർ 21 ന് ഐഎസ്‌ആർഒയിലെ ശാസ്ത്രജ്ഞൻ ഡി.ശശികുമാറിനെ അഹമ്മദാബാദില്‍നിന്ന് അറസ്റ്റ് ചെയ്തു. റഷ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രതിനിധിയായിരുന്ന കെ.ചന്ദ്രശേഖൻ, ഐഎസ്‌ആർഒ ശാസ്ത്രജ്ഞൻ നമ്ബി നാരായണൻ, കോണ്‍ട്രാക്ടറായ സുധീർ കുമാർ ശർമ എന്നിവരെയും പിന്നാലെ അറസ്റ്റ് ചെയ്തു.

കേരളാ പൊലീസിന്റെ കസ്റ്റഡിയില്‍ ഐബി ഉദ്യോഗസ്ഥരായ ആർ.ബി. ശ്രീകുമാർ, പി.എസ്.ജയപ്രകാശ് തുടങ്ങിയ ഉദ്യോഗസ്ഥർ അറസ്റ്റിലായവരെ ചോദ്യം ചെയ്തു. ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ഒപ്പു വയ്ക്കാത്ത 4 ചോദ്യം ചെയ്യല്‍ റിപ്പോർട്ടുകള്‍ സിബിഐ കണ്ടെത്തി. പ്രതിയാക്കപ്പെട്ടവരുടെ മൊഴികളും സിബിഐ പരിശോധിച്ചു. എന്നാല്‍ ചാരപ്രവർത്തനം നടന്നുവെന്ന് തെളിയിക്കുന്ന ഒന്നും ലഭിച്ചില്ല. തെളിവുകളില്ലെന്ന് അറിഞ്ഞു കൊണ്ടാണ് പ്രത്യേക അന്വേഷണ സംഘവും ഐബി ഉദ്യോഗസ്ഥരും ആറ് പേരെ അറസ്റ്റ് ചെയ്തതും കേസില്‍ കുടുക്കിയതും എന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിക്കാനായി പൊലീസും ഐബി ഉദ്യോഗസ്ഥരും മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചുവെന്ന് നമ്ബി നാരായണൻ, ഡി.ശശികുമാരൻ, മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർ പറഞ്ഞതായി സിബിഐ വ്യക്തമാക്കുന്നു. പി.എസ്.ജയപ്രകാശാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് നമ്ബി നാരായണനും ശശികുമാരനും പറഞ്ഞു. നമ്ബി നാരായണനെ കൂടുതല്‍ മർദിക്കരുതെന്ന് പൊലീസുകാരോടു പറഞ്ഞതായി സാക്ഷിയായ ഡോ.വി. സുകുമാരൻ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ റിപ്പോർട്ടുകള്‍ മനപൂർവം പൂഴ്ത്തിവയ്ക്കുകയാണ് കേരളാ പൊലീസ് ചെയ്തതെന്നും സിബിഐ കുറ്റപ്പെടുത്തുന്നു.

നമ്ബി നാരായണനെ അറസ്റ്റ് ചെയ്തത് ഡിഐജി ആയിരുന്ന സിബി മാത്യൂസിന്റെ നിർദേശപ്രകാരമാണെന്ന് എസ്‌ഐടി അംഗമായിരുന്ന ജോഗേഷ് മൊഴി നല്‍കിയിട്ടുണ്ട്. നമ്ബി നാരായണൻ ചെയ്ത കുറ്റം സംബന്ധിച്ച്‌ ഒരു തെളിവും തനിക്കു ലഭിച്ചിരുന്നില്ലെന്നും ജോഗേഷ് പറഞ്ഞു. ഐബി ഉദ്യോഗസ്ഥർ നമ്ബി നാരായണനെ ചോദ്യം ചെയ്യുമ്ബോള്‍ മുറിയില്‍ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ജോഗേഷ് വ്യക്തമാക്കിയിട്ടുണ്ട്. നമ്ബി നാരായണനെ ചോദ്യം ചെയ്ത് റിപ്പോർട്ട് എഴുതിയത് ജോഗേഷ് ആണെന്നാണ് കേസ് ഡയറിയില്‍ പറയുന്നത്. എന്നാല്‍ സിബിഐ ചോദ്യം ചെയ്യലില്‍ ജോഗേഷ് ഇതു നിഷേധിച്ചു. നമ്ബി നാരായണന്റെ മൊഴി ഒപ്പില്ലാതെ സിബി മാത്യൂസ് ടൈപ്പ് ചെയ്തു നല്‍കിയത് അതേപടി പകർത്തി എഴുതുകയായിരുന്നുവെന്നും ജോഗേഷ് പറഞ്ഞു. സിബി മാത്യൂസിന്റെ നിർദേശപ്രകാരം കെ.കെ.ജോഷ്വയാണ് തെറ്റായ കേസ് രേഖകള്‍ തയാറാക്കിയതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആർ.ബി.ശ്രീകുമാറിന്റെ നിർദേശം അനുസരിച്ചാണ് എസ്‌ഐബിയിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതെന്ന് ഡി.ശശികുമാരൻ സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.