ആകാശ് മിശ്ര ഹൈദരബാദ് വിടും; പിന്നാലെകൂടി സൂപ്പർക്ലബുകൾ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഹൈദരബാദ് എഫ്സിയോട് വിടപറയാൻ ആകാശ് മിശ്ര. സീസൺ അവസാനിക്കുന്നതോടെ ഈ ലെഫ്റ്റ് ബാക്ക് ക്ലബ് വിടും. പരിശീലകൻ മനോലോ മാർക്വെസ് ഇന്ന് സൂപ്പർകപ്പ് മത്സരശേഷം ഇക്കാര്യം സ്ഥിരീകരിച്ചു.
21-കാരനായ ആകാശ്, സമീപകാലത്തെ ഹൈദരബാദിന്റെ കിടിലൻ കുതിപ്പിൽ നിർണായക പങ്ക് വഹിച്ച താരമാണ്. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ആകാശ് ഇന്ത്യൻ ദേശീയ ടീമിലേയും സ്ഥിരം സാന്നിധ്യമാണ്. 2020 മുതൽ ക്ലബിലെ സ്ഥിരം സാന്നിധ്യമായ ആകാശ് ഇതുവരെ 66 മത്സരങ്ങളിൽ ക്ലബ് ജേഴ്സിയണിഞ്ഞു.2021-22 സീസണിൽ ഹൈദരബാദ് ഐഎസ്എൽ കിരീടമുയർത്തിയപ്പോൾ ആകാശിന്റെ സേവനം നിർണായകമായിരുന്നു.
എടികെ മോഹൻ ബഗാനെതിരെ നടക്കുന്ന ഏഎഫ്സി കപ്പ് പ്ലേ ഓഫ് പോരാട്ടമാണ് ഹൈദരബാദിന് സീസണിലിനി ശേഷിക്കുന്നത്. ഇതിനുശേഷം താരം ക്ലബ് വിടും. ആകാശിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ, മുംബൈ സിറ്റി എന്നീ ക്ലബുകളാണ് രംഗത്തുള്ളതെന്നാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്യുന്നത്. കരാറിൽ രണ്ട് വർഷം കൂടി ബാക്കിയുള്ളതിനാൽ വൻ ട്രാൻസ്ഫർ തുക ആകാശിനായി ക്ലബുകൾ മുടക്കേണ്ടിവരും.