16 ബാറ്റുകൾ കാണാനില്ല; വൻ മോഷണത്തിൽ നടുങ്ങി ക്യാപിറ്റൽസ് ക്യാംപ്
ഐപിഎൽ ടീം ഡെൽഹി ക്യാപിറ്റൽസ് താരങ്ങളുടെ ക്രിക്കറ്റ് കിറ്റുകളിൽ വൻ മോഷണം. ഇന്ത്യൻ എകസ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം ക്യാപ്റ്റൻ ഡേവിഡ് വാർണറടക്കമുള്ളവർക്ക് ബാറ്റും മറ്റ് വസ്തുക്കളും നഷ്ടമായി.
റിപ്പോർട്ട് പ്രകാരം ബെംഗളുരുവിലെ ഐപിഎൽ മത്സരശേഷം ഞായറാഴ്ച ഡെൽഹിയിൽ തിരിച്ചെത്തിയപ്പോഴാണ് കളിക്കാർ മോഷണം നടന്നതായി മനസിലാക്കിയത്. വാർണറിന്റെ മൂന്നും മിച്ചൽ മാർഷിന്റെ രണ്ടും ബാറ്റുകൾ നഷ്ടമായി. ഇന്ത്യൻ യുവതാരം യാഷ് ദുളിന്റെ അഞ്ച് ബാറ്റുകളാണ് നഷ്ടമായത്. മറ്റ് കളിക്കാരുടെ ഗ്ലൗസുകളും പാഡുകളും ഷൂസുകളും നഷ്ടമായിട്ടുണ്ട്. സംഭവത്തിൽ ടീം നേതൃത്വം പരാതി നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടക്കുന്നതായി ടീം നേതൃത്വം അറിയിച്ചു.
കിറ്റ് ബാഗുകളും മറ്റും വിവിധ സ്ഥലങ്ങളിലേക്ക് അയക്കാൻ ഒരു ലോജിസ്റ്റിക്സ് കമ്പനിയാണ് ടീം നിയോഗിച്ചിരിക്കുന്നത്. അതേസമയം ഐപിഎല്ലിൽ ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം ഇതാദ്യമാണ്. അതിനാൽ തന്നെ എവിടെയാണ് പിഴവം സംഭവിച്ചതെന്ന് കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ് ഡെൽഹി ടീം.