ചാറ്റ്ജിപിടി മനുഷ്യരുടെ ജോലികൾ കളഞ്ഞേക്കാം, ആശങ്കകൾ പങ്കുവെച്ച് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ടെക് ലോകത്ത് കുറഞ്ഞ കാലയളവ് കൊണ്ട് വിപ്ലവം സൃഷ്ടിച്ചവയാണ് ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട്. നിമിഷം നേരം കൊണ്ട് ഏത് ചോദ്യത്തിനും ഉത്തരം നൽകുമെന്നതിനാൽ വളരെ പെട്ടെന്നാണ് ആളുകൾക്കിടയിലേക്ക്ചാറ്റ്ജിപിടി എത്തിയത്. എന്നാൽ, ചാറ്റ്ജിപിടിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചിരിക്കുകയാണ് ഓപ്പൺ എഐയുടെ സിഇഒ ആയ സാം ആൾട്ട്മാൻ. ചാറ്റ്ജിപിടി നിരവധി ആളുകളുടെ ജോലി കളഞ്ഞേക്കാമെന്ന ആശങ്കയാണ് സാം ആൾട്ട്മാൻ പങ്കുവെച്ചിരിക്കുന്നത്.

‘ചാറ്റ്ജിപിടിയെ പോലെയുള്ള കണ്ടുപിടിത്തം അനിവാര്യമായ ഒന്നാണ്. എന്നാൽ, ഈ കണ്ടുപിടുത്തത്തിൽ സന്തോഷവാന്മാരായിരിക്കുന്ന പോലെ തന്നെ പേടിക്കേണ്ട ആവശ്യവുമുണ്ട്. നിലവിലെ, ജോലികൾ കളയാനുള്ള പ്രാപ്തി ചാറ്റ്ജിപിടിക്ക് ഉണ്ട്. എങ്കിലും പുതിയ ജോലികൾ നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ’, സാം ആൾട്ട്മാൻ വ്യക്തമാക്കി. ചാറ്റ്ജിപിടിയുടെ കടന്നു വരവ് വിദ്യാഭ്യാസ രംഗത്താണ് കൂടുതൽ വിപ്ലവം സൃഷ്ടിക്കാൻ സാധ്യത. അവ വിദ്യാർത്ഥികളെ മടിയന്മാരാക്കി തീർത്തേക്കാനുള്ള സാധ്യതയുണ്ടെന്നും ആൾട്ട്മാൻ കൂട്ടിച്ചേർത്തു.