മലപ്പുറം : ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസിൽ അറസ്റ്റിലായി റിമാൻഡിൽ ആയ പി വി അൻവറിന് ജയിൽ മോചനം.
ഉപാധികളോടെയാണ് നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പി വി അൻവറിന് ജാമ്യം അനുവദിച്ചത്.
തനിക്ക് ധാർമിക പിന്തുണ നൽകിയ യുഡിഎഫ് നേതാക്കളുടെയും താമരശ്ശേരി വിശപ്പിന്റെയും പേരെടുത്ത് പറഞ്ഞ് ജയിൽ മോചിതനായ പി വി അൻവർ നന്ദി പറഞ്ഞു. എൽഡിഎഫിനോട് ആഭിമുഖ്യം ഉണ്ടായിരുന്ന ഒരു വിഭാഗം ന്യൂനപക്ഷ വിഭാഗങ്ങൾ സിപിഎമ്മിലെ ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾ കാരണം വിട്ടുപോകേണ്ട അവസ്ഥ വന്നു. ന്യൂനപക്ഷങ്ങളെ സർക്കാർ നിരന്തരം വേട്ടയാടുന്നു എന്നും പി.വി അൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഡിഎഫുമായി കൈകോർത്ത് സിപിഎമ്മിനെ ഭരണത്തിൽ നിന്ന് താഴെയിറക്കുക എന്നതാണ് തന്റെ മുന്നോട്ടുള്ള ലക്ഷ്യം. എംഎൽഎക്ക് കിട്ടേണ്ട യാതൊരു പരിഗണനയും ജയിലിനുള്ളിൽ തനിക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിൽ മോചിതനായ പി വി അൻവറിനെ മുദ്രാവാക്യങ്ങളുമായാണ് ഡിഎംകെ പ്രവർത്തകർ സ്വീകരിച്ചത്.
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അൻവറിന്റെ പാർട്ടിയായ ഡിഎംകെ പ്രവർത്തകർ വനംവകുപ്പ് ഓഫീസിലേക്ക് അതിക്രമിച്ചു കയറി ഓഫീസ് അടിച്ചു തകർത്തത്.