കൊച്ചി : അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ വൻ നികുതിവെട്ടിപ്പ് കണ്ടെത്തി. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു സംസ്ഥാനത്തൊട്ടാകെ റെയ്ഡ് നടന്നത്. സംസ്ഥാനത്തെ 30 കടകളിൽ നടത്തിയ പരിശോധനയിൽ നിന്ന് മാത്രം 380 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു അൽ മുക്താദിർ ഗ്രൂപ്പ്.
സ്വദേശത്തും വിദേശത്തും ബിസിനസ് നടത്തുന്ന വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ഷെയർ നൽകാമെന്ന വാഗ്ദാനം നൽകിക്കൊണ്ട് പണം വാങ്ങി വ്യാപാര ശൃംഖല വിപുലീകരിക്കുന്ന തന്ത്രമായിരുന്നു അൾമുക്താദർ ഗ്രൂപ്പ് നടത്തിക്കൊണ്ടുവന്നിരുന്നത്.
അഡ്വാൻസ് ബുക്കിങ്ങിന്റെ പേരിൽ ഉപഭോക്താക്കളിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയിരുന്നു. ഇതിന്റെ ഒന്നും രേഖകൾ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെ ലഭിക്കുന്ന സമ്പാദ്യങ്ങൾ വ്യക്തികളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.സ്വർണ്ണം വാങ്ങുമ്പോഴും വിൽക്കുമ്പോഴും ബില്ലുകളിൽ കൃത്രിമത്വം നടത്തിയതായും പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
രഞ്ജിത്ത് രാമചന്ദ്രൻ