കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടുത്തം. പുതിയ സ്റ്റാൻ്റിനടുത്തുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ ആണ് തീപിടുത്തം ഉണ്ടായത്. അഞ്ചുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കലിക്കറ്റ് ടെക്സ്റ്റൈലിൻ്റെ ഗോഡൗണിൽ നിന്ന് പടർന്ന തീ മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു. ടെക്സ്റ്റൈൽസിന്റെ ഗോഡൗൺ പൂർണമായും കത്തി നശിച്ചു.
തീപിടുത്തത്തിൽ നഗരത്തിൽ ആകെ പുക പടർന്നിരിക്കുകയാണ്.സമീപത്ത് ട്രാൻസ്ഫോർമറുകൾ സ്ഥിതിചെയ്യുന്നതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുക്കയാണ്. അതിനാൽ ഷോപ്പുകൾക്കുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നുള്ള പരിശോധനയും ശ്രമകരമാണ്.
സംഭവസ്ഥലത്ത് എത്തിയ ഫയർഫോഴ്സ് മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ ശ്രമം തുടങ്ങി. ഞായറാഴ്ച ആയതിനാൽ പ്രദേശത്ത് ജനത്തിരക്ക് കൂടുതലാണ്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി ഗതാഗതം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച് സ്റ്റേഷനിലെ നാല് യൂണിറ്റുകളാണ് സംഭവം സ്ഥലത്ത് ആദ്യം എത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നത്.
സമീപപ്രദേശത്തുള്ള ഫയർ സ്റ്റേഷനിൽ നിന്ന് അധിക വണ്ടികൾ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.