‘ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ’: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് മണിക്കൂറുകൾ; അജിത് ഡോവലിനെ കണ്ട് ബംഗ്ലാദേശ് എൻഎസ്എ

ദില്ലി : മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് 48 മണിക്കൂറിന് ശേഷം, ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്എ) ഡോ. ഖലീലുർ റഹ്മാൻ ഇന്ത്യൻ എൻഎസ്എ അജിത് ഡോവലുമായി ബുധനാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. 2024 ഓഗസ്റ്റിൽ ഹസീനയെ പുറത്താക്കിയതിന് ശേഷമുള്ള ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ആദ്യത്തെ നിർണ്ണായക കൂടിക്കാഴ്ചയായിരുന്നു ഇത്. കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൻ്റെ ഏഴാമത് എൻ.എസ്.എ. തല യോഗത്തിന് മുന്നോടിയായാണ് റഹ്മാൻ ദില്ലിയിലെത്തിയത്. കൂടിക്കാഴ്ചയിൽ സിഎസ്സി പ്രവർത്തനങ്ങളെക്കുറിച്ചും ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തുവെന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷൻ പ്രസ്താവിച്ചു. ചർച്ചകൾക്ക് ശേഷം റഹ്മാൻ ഡോവലിനെ ധാക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ‘മനുഷ്യത്വത്തിനെതിരായ കുറ്റങ്ങൾ’ക്കാണ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ-ബംഗ്ലാദേശ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. നിലവിൽ ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീനയെ കൈമാറുന്നത് ചർച്ചയുടെ അജണ്ടയിൽ ഉൾപ്പെട്ടിരുന്നോ എന്നതിൽ ഇരു രാജ്യങ്ങളും മൗനം പാലിച്ചു.