കാസർഗോഡ്: സർവ്വേ ഉദ്യോഗസ്ഥർക്ക് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ ഏജന്റിനെ വിജിലൻസ് പിടികൂടി. കാസർഗോഡ് ഉദുമ സ്വദേശിയായ ഹാഷിം പി.എച്ച് (Hashim P.H) ആണ് 15,000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. ഇന്ന് (27/12/2025) വൈകുന്നേരം 03.15-ഓടെ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ചായിരുന്നു അറസ്റ്റ്.
സംഭവത്തിന്റെ ചുരുക്കം:
പെരിയ സ്വദേശിയായ പരാതിക്കാരന്റെ 2 ഏക്കർ 40 സെന്റ് വസ്തു, റീ-സർവ്വേക്ക് ശേഷം രേഖകളിൽ 1 ഏക്കർ 89 സെന്റ് എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇത് തിരുത്തി ലഭിക്കാനായി പരാതിക്കാരൻ ആറുമാസം മുൻപ് കാഞ്ഞങ്ങാട് താലൂക്ക് സർവ്വേ ഓഫീസിലെത്തി. അപേക്ഷ തയ്യാറാക്കി നൽകാൻ ഓഫീസിന് മുന്നിലിരുന്ന ഹാഷിമിനെയാണ് പരാതിക്കാരൻ സമീപിച്ചത്. ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിയെങ്കിലും നടപടികൾ വൈകിയതോടെ പരാതിക്കാരൻ വീണ്ടും ഓഫീസിലെത്തി. ഈ സമയം ഹാഷിം ഇയാളെ സമീപിക്കുകയും ഉദ്യോഗസ്ഥർക്ക് നൽകാനായി 30,000/- രൂപ ആവശ്യപ്പെടുകയുമായിരുന്നു.
പണം നൽകാതെ കാര്യം നടക്കില്ലെന്നും തനിക്ക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും ഹാഷിം വിശ്വസിപ്പിച്ചു. ഒടുവിൽ 20,000/- രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും ആദ്യ ഗഢുവായി 5,000/- രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റുകയും ചെയ്തു. ബാക്കി തുകയായ 15,000/- രൂപ ഇന്ന് നേരിട്ട് നൽകണമെന്നായിരുന്നു ആവശ്യം. കൈക്കൂലി നൽകാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.