അധ്യാപകന്റെ പീഡനം ; ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു : സംഭവം മറച്ചുവച്ച പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു
ഒഡീഷ : പ്രൊഫസർക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടർന്ന് തീ കൊളുത്തി സ്വയം ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു.
90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ തുടരവേ ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത്. പീഡന വിവരം പൊലീസിൽ അറിയിക്കാതെ മറച്ചുവെച്ച പ്രിൻസിപ്പൽ ദിലീപ് ഘോഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒഡിഷയിലെ ബാലസോറിലെ ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിലാണ് സംഭവം. .പ്രൊഫസർക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർന്നു രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് ക്യാംപസിന് മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെ ജൂണ്‍ മുപ്പതിന് വകുപ്പ് മേധാവി സമിർ കുമാർ സാഹുവിനെതിരെ വിദ്യാർഥിനി പ്രിൻസിപ്പലിനിനും ഐസിസിക്കും പരാതി നല്‍കിയിരുന്നു. മോശമായി പെരുമാറിയെന്നും തനിക്ക് വഴങ്ങിയില്ലെങ്കില്‍ പരീക്ഷയിലും മാർക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്‍ കോളേജ് അധികൃതർ അധ്യാപകനെതിരെ ഒരു നടപടിയുമെടുത്തില്ല. തുടർന്ന് കഴിഞ്ഞ ദിവസം കോളജ് ഗേറ്റിനുമുന്നില്‍ പ്രതിഷേധിച്ച വിദ്യാർഥി സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി. വിദ്യാർഥിനിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച 2 സഹപാഠികള്‍ക്കും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.