ബോളിവുഡിലെ മുതിര്‍ന്ന നടിയാണ് നീന ഗുപ്ത. വളരെ ശക്തമായ അഭിപ്രായങ്ങളാണ് പലപ്പോഴും നടി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ ഫെമിനിസത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ടാണ് നടി എത്തിയിരിക്കുന്നത്.
തന്റെ അഭിപ്രായത്തില്‍ പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്ന് അവകാശപ്പെടുന്ന ഫെമിനിസ്റ്റ് സിദ്ധാന്തം ശരിയല്ലെന്നാണ് നീന പറയുന്നത്.
അതിന്റെ കാരണങ്ങളും നടി പറഞ്ഞിരുന്നു. പുരുഷന്മാര്‍ക്ക് ജന്മം നല്‍കാന്‍ കഴിയില്ലെന്നതാണ് അതിലൊരു കാര്യം. മാത്രമല്ല ലിംഗഭേദമില്ലാതെ സാമ്ബത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും നടി പറഞ്ഞിരിക്കുകയാണ്. ഇതിനൊപ്പം സ്ത്രീകള്‍ക്ക് പുരുഷന്മാരെ ആവശ്യമുണ്ടെന്നും തന്റെ വ്യക്തിജീവിതത്തില്‍ നടന്ന സംഭവങ്ങളെ അതിന് ഉദാഹരണമായി പറയുകയും ചെയ്തിരിക്കുകയാണ് നടി.
ഫെമിനസത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് നീന ഗുപ്ത ചില കാര്യങ്ങള്‍ കൂടി പറഞ്ഞത്. ‘ഫാല്‍ട്ടു ഫെമിനിസത്തിലോ സ്ത്രീ പുരുഷന്മാര്‍ തുല്യരാണെന്ന ആശയത്തിലോ വിശ്വസിക്കേണ്ടതില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്നാണ് നടി പറയുന്നത്. ഇതിന് പകരം സാമ്ബത്തിക സ്വാതന്ത്ര്യം നേടുന്നതിലും നിങ്ങളുടെ ജോലിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.
ഇനി നിങ്ങളൊരു വീട്ടമ്മയാണെങ്കില്‍, അതിനെ നിസ്സാരമായി കാണരുത്. അതുമൊരു പ്രധാന റോളാണ്. നിങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുക, സ്വയം ചെറുതാണെന്ന് ചിന്തിക്കുന്നത് ഒഴിവാക്കുക. അതാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന പ്രധാന സന്ദേശം. പുരുഷന്മാരും സ്ത്രീകളും തുല്യരല്ല. പുരുഷന്മാര്‍ ഗര്‍ഭിണിയാവാന്‍ തുടങ്ങുന്ന ദിവസമുണ്ടെങ്കില്‍ അന്ന് എല്ലാവരും തുല്യരാകുമെന്ന് ഞാന്‍ പറയാമെന്ന്’, നടി വ്യക്തമാക്കുന്നു.
സ്ത്രീകള്‍ക്ക് പുരുഷന്മാരെ ആവശ്യമുണ്ടെന്ന പ്രസ്താവനയെ പിന്തുണയ്ക്കാനുണ്ടായ കാരണവും നടി വ്യക്തമാക്കി. ‘മുന്‍പൊരിക്കല്‍ എനിക്ക് രാവിലെ 6 മണിക്ക് ഒരു യാത്ര പോവാനുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് കാമുകന്‍ ഇല്ലായിരുന്നു. യാത്ര വിമാനത്തിലായതിനാല്‍ പുലര്‍ച്ചെ 4 മണിക്ക് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി, നേരം ഇരുട്ടിയിരുന്നു. പെട്ടെന്നാണ് ഒരു മനുഷ്യന്‍ എന്നെ പിന്തുടരുന്നത് കണ്ടത്.
അയാളെ കണ്ടതും ഞാന്‍ വീട്ടിലേക്ക് തന്നെ മടങ്ങി പോയി. അന്നെനിക്ക് എന്റെ ഫ്‌ളൈറ്റ് നഷ്ടമായി. അടുത്ത ദിവസം ഞാന്‍ അതേ ഫ്‌ളൈറ്റ് ബുക്ക് ചെയ്തു. പക്ഷേ അന്ന് ഞാനെന്റെ ആണ്‍ സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചത്. അദ്ദേഹം എന്നെ കൂട്ടി എയര്‍പോര്‍ട്ടില്‍ ഇറക്കി വിട്ടു. ഇതുപോലെയുള്ളപ്പോള്‍ എനിക്ക് ഒരു പുരുഷനെ ആവശ്യമുണ്ട്’, നീന പറയുന്നു.
അതേ സമയം ജീവിതത്തില്‍ ആരെയും ആശ്രയിക്കാത്ത ഒരാളായി മാറുക എന്നതാണ് തന്റെ ലക്ഷ്യം. ഈ സ്വാതന്ത്ര്യം നേടുന്നതിനായി താന്‍ ഇപ്പോഴും പരിശ്രമിക്കുന്നുണ്ടെന്നും നീന പങ്കുവെച്ചു. അതിന് കാരണം മകള്‍ മസബയെ താന്‍ വിളിക്കുമ്ബോള്‍ അതിന് മറുപടി കിട്ടിയില്ലെങ്കില്‍ വിഷമം തോന്നും. അതുപോലെ തന്നെ ഭര്‍ത്താവ് വിളിച്ചില്ലെങ്കിലും ആശങ്ക തോന്നാറുണ്ടെന്നും നടി സൂചിപ്പിച്ചിരിക്കുകയാണ്.
‘ആരെയും ആവശ്യമില്ലാത്ത ഒരാളാകാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്. ആരെയും ആവശ്യമില്ലാത്ത, സുഹൃത്തുക്കളില്ലാത്ത ഒരു വ്യക്തിയെ എനിക്ക് വളരെ അടുത്തറിയാം. സ്ത്രീകള്‍ അദ്ദേഹത്തെ നോക്കാറുണ്ട്. അവര്‍ക്കെല്ലാം അയാളോട് ആകര്‍ഷണം തോന്നിയിട്ടുണ്ട്. പക്ഷേ അവന്‍ ഒറ്റയ്ക്കാണങ്കിലും വളരെ സന്തോഷവാനാണ്’, എന്നാണ് നീന പറയുന്നത്.
മുന്‍പ് നീന ഗുപ്തയുടെ ആത്മകഥ പുറത്തിറങ്ങിയപ്പോള്‍ നടിയുടെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും പുറത്ത് വന്നിരുന്നു. ‘സച്ച് കഹൂന്ഡ തോ’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ നടിയുടെ പ്രണയബന്ധങ്ങളെ കുറിച്ചും അത് അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചുമൊക്കെയാണ് കൊടുത്തിരിക്കുന്നത്.
മൂന്ന് പ്രണയബന്ധമായിരുന്നു നടിയുടെ ജീവിതത്തിലുണ്ടായിരുന്നത്. അതില്‍ രണ്ട് തവണ വിവാഹിതയായ നീന ഗുപ്ത ഒരു ലിവിംഗ് റിലേഷനിലും ജീവിച്ചിരുന്നു. ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡുമായിട്ടുള്ള റിലേഷനിലാണ് മസബ ഗുപ്ത എന്നൊരു മകള്‍ നടിയ്ക്ക് ജനിക്കുന്നത്. അതിന് ശേഷം രണ്ട് തവണ വിവാഹിതയായി. ആദ്യ വിവാഹം ഒരു വര്‍ഷം കൊണ്ട് അവസാനിച്ചെങ്കിലും രണ്ടാമത്തേത് വര്‍ഷങ്ങളോളം ഉണ്ടായിരുന്നു.