കൊലക്കേസുകളിൽ വിചാരണ നീളുന്നു: കർമ്മ പദ്ധതി ആവിഷ്‌കരിച്ച് ഹൈക്കോടതി

[ad_1]

തിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതക കേസുകളിൽ വിചാരണ നീണ്ടുപോകുന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തി കേരളാ ഹൈക്കോടതി. വിചാരണ പൂർത്തിയാകാത്ത കേസുകളുടെ എണ്ണപ്പെരുപ്പവും, വിചാരണ നീളുന്നത് കൊലക്കേസുകളിൽ സാക്ഷികൾ കൂറുമാറുന്നതിന് കാരണമാകുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി.

ഈ സാഹചര്യത്തിൽ കൊലക്കേസുകളിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കുന്നതിന് ഹൈക്കോടതി കർമ്മ പദ്ധതി ആവിഷ്‌കരിച്ചു. തിരുവനന്തപുരത്ത് 2 കോടതികളും തൃശ്ശൂർ, കൊല്ലം തലശേരി എന്നിവിടങ്ങളിൽ ഓരോ കോടതികളും കൊലപാതക കേസ് മാത്രം പരിഗണിക്കണമെന്ന് കർമ്മ പദ്ധതിയിൽ നിർദ്ദേശിക്കുന്നു. ഈ കോടതികൾ മാസം അഞ്ച് കൊലക്കേസുകൾ വീതം തീർപ്പാക്കണമെന്നും കർമ്മ പദ്ധതിയിൽ നിർദ്ദേശിച്ചിട്ടുണ്ട്.

അഡീഷണൽ സെഷൻസ് കോടതികൾ അവധി കാലത്തും കേസുകൾ തീർപ്പാക്കണമെന്നും മാർച്ച് 31ന് മുൻപ് കുറ്റപത്രം നൽകിയ കേസുകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കണമെന്നും ഇതിൽ നിര്‍ദ്ദേശിക്കുന്നു. ഇതിന് ആവശ്യമായ ക്രമീകരണം കോടതികളിൽ ഇന്ന് തന്നെ ഉണ്ടാക്കി ഹൈക്കോടതിയെ വിവരം അറിയിക്കണമെന്ന് ഹൈക്കോടതി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

[ad_2]