മോട്ടോർ വാഹന നിയമലംഘന ഇ-ചെല്ലാൻ പരാതി ഇനി മലയാളത്തിലും

തിരുവനന്തപുരം :മോട്ടോർ വാഹന നിയമലംഘനങ്ങൾ കണ്ടെത്തി തയ്യാറാക്കുന്ന ഇ-ചെല്ലാനുകൾ മലയാളത്തിലും വായിക്കാം. മുൻപ് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ആയിരുന്നു വിവരണം. ഇപ്പോൾ ഇംഗ്ലീഷ് മലയാളം എന്നിങ്ങനെ മാറ്റം വരുത്തിയിട്ടുണ്ട്. https://echallan.parivahan.gov.in/gsticket ൽ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം, ഇ-ചെല്ലാൻ നമ്പർ, വാഹന നമ്പർ തുടങ്ങിയവ രേഖപ്പെടുത്തി എന്താണ് പരാതി എന്നറിയിക്കാം.

ഇത്തരത്തിൽ പരാതിപ്പെടുമ്പോൾ ടിക്കറ്റ് നമ്പർ ലഭിക്കും. ഫോട്ടോയും അപ്‌ലോഡ്‌ ചെയ്യാം. പിഴ അടയ്ക്കാൻ ഉള്ള തടസ്സങ്ങൾ, വാഹനത്തിന്റെ നമ്പർ മാറിയത് മൂലം തെറ്റായ പിഴ ലഭിക്കൽ എന്താണ് നിയമലംഘനം എന്ന് രേഖപ്പെടുത്താതിരിക്കൽ, രേഖകൾ കണ്ടുകെട്ടൽ, പിഴ അടച്ചിട്ടും വാഹൻ പോർട്ടലിൽ നിന്നും മറ്റ് സർവീസുകൾ ലഭിക്കാതിരിക്കൽ തുടങ്ങിയ കാരണങ്ങൾക്ക് പോർട്ടൽ വഴി പരാതിപ്പെടാം. പരാതി രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടിക്കറ്റ് നമ്പർ ഉപയോഗിച്ച് പരാതിയുടെ തൽസ്ഥിതി വാഹന ഉടമകൾക്ക് പരിശോധിക്കാനാവും.