തൃശൂർ :മതനിരപേക്ഷതയാണ് എല്ലാ വിഭാഗങ്ങൾക്കും രക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചാലക്കുടി മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐക്യവും ഒരുമയും നിലനിർത്താൻ ആവശ്യമായ മതനിരപേക്ഷതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷ സർക്കാറിനുള്ളത്.
കേന്ദ്രസർക്കാർ സഹായം ലഭിക്കാത്തതിൽ നാട് ഉയർത്തുന്ന പ്രതിഷേധമാണ് നവകേരള സദസ്സ് വേദികളിൽ എത്തുന്ന പതിനായിരങ്ങൾ. പ്രതിപക്ഷത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങിയതിന്റെ ഫലമാണ് കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ എടുത്ത തീരുമാനം. സ്വന്തം നാടിനായി വൈകിയാണെങ്കിലും ശബ്ദിക്കാൻ തയ്യാറായത് നവകേരള സദസ്സിന്റെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാഹോദര്യവും മതനിരപേക്ഷതയും കേരളമെന്നും ഉയർത്തിപ്പിടിക്കുന്നു. മണിപ്പൂരിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ കേരളത്തിൽ വിദ്യാഭ്യാസത്തിനായി എത്തിയിട്ടുണ്ട്. അമ്മയുടെ മടിത്തട്ടിൽ എത്തിയ കുഞ്ഞിനെപ്പോലെയാണവർ ഈ നാടിനെ കാണുന്നത്. ജാതിമതവർഗ്ഗഭേദമന്യേ കേരളം അവരെ സ്വീകരിച്ച് എല്ലാവിധ സൗകര്യങ്ങളും നൽകി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Prev Post