ചെങ്ങന്നൂർ :തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ കോലടത്തുശേരി, മഴുക്കീർ, തിരുവൻവണ്ടൂർ, ഉമയാറ്റുകര, ഇരമല്ലിക്കര, വനവാതുക്കര എന്നിവിടങ്ങളിലെ 250 ഹെക്ടർ പാടശേഖരങ്ങളിൽ വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് ഞാറ് പറിച്ച് നടുവാൻ സാധിക്കാതെ പ്രതിസന്ധിയി.
തുലാവർഷത്തിൽ ലഭിക്കേണ്ട മഴ കാലാവസ്ഥ വ്യതിയാനം മൂലം കൃത്യമായി ലഭിച്ചില്ല. പരിമിതമായി ലഭിച്ച മഴയിൽ കർഷകർ വിത്തു വിതച്ചു. എന്നാൽ ഇപ്പോൾ കിളിർത്ത വിത്തുകൾ പറിച്ചുനടുവാൻ (ഞാറ്റടി ) ആവാതെ കർഷകർ ഏറെ കഷ്ടത്തിലാണ്.
കണ്ടത്തിൽ വെള്ളമില്ലാത്തതിനാൽ ഇതു പറിച്ച് നടവാൻ സാധിച്ചില്ല.ഉമ ഇനത്തിൽപ്പെട്ട വിത്താണ് കൃഷി വകുപ്പിൽ നിന്നും കർഷകർക്ക് നൽകിയത്. 139 ദിവസത്തെ വിളവാണ് ഉമ വിത്തിനു വേണ്ടത്. ഇപ്പോൾ 40ഓളം ദിവസങ്ങൾ പിന്നിട്ടു
ആറ് പാടശേഖരങ്ങളിൽ ചില ഇടത്ത് ഒരു വളവും മറ്റ് ഇടങ്ങളിൽ രണ്ട് വളങ്ങളും ചെയ്തിട്ടുണ്ട്.
വെള്ളം ലഭിക്കാതായാൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങും. ഇതിനു പുറമെ കളനാശിനിയും പ്രയോഗിച്ചിട്ടുണ്ട്.
മുൻപ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 75 ഏക്കർ വരുന്ന മഴുക്കീർ പാടശേഖരത്തിൽ കർഷകർ പരീക്ഷിച്ചതാണെങ്കിലും പൂർണ്ണ ഫലം കണ്ടില്ല. പിന്നീട് ഉള്ള ഏക ആശ്രയം പി.ഐ.പി കനാൽ ജല പദ്ധതിയാണ്.
വാഴക്കുന്നത്ത് കനാലിൻ്റെ ഒരു ഭാഗം തകർന്നു പോയതാണ് വെള്ളം തുറന്നു വിടാൻ തടസ്സമായത്. അതൊടൊപ്പം തടസ്സമായി നിന്ന വൻ മരങ്ങളും വെട്ടി മാറ്റേണ്ടതായി വന്നു.
മഴുക്കീർ പാടശേഖര സമിതി സെക്രട്ടറി കെ.പി ചന്ദ്രൻ പിള്ള, ഉമയാറ്റുകര പാടശേഖര സമിതി സെക്രട്ടറി പി.എം വർഗീസ് പഞ്ചായത്ത് പ്രസിഡൻ്റ് സജൻ എന്നിവർ ഇതു സംബന്ധിച്ച് അടിയന്തിര നടപടിക്കായി
മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു.
മന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് വാഴക്കുന്നത്ത്യു ദ്ധകാല അടിസ്ഥാനത്തിൽ കനാലിൻ്റെ പണി പൂർത്തിയാക്കിയത്.
എത്രയും വേഗം പമ്പാ ഇറിഗേഷൻ കനാൽ വഴി വെള്ളം തുറന്നു വിടാൻ കഴിയും എന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകൾ .
വെള്ളം കൃത്യ സമയത്ത് കിട്ടാത്ത കാരണം
മഴുക്കീർ പാടശേഖരത്ത് പട്ടാളപ്പുഴുവിൻ്റെ നേരിയ ആക്രമണം ഉള്ളതായി പാടശേഖര സമിതി സെക്രട്ടറി പറഞ്ഞു.
കൃഷി ഓഫീസർ ശ്രീഹരി ,അസി: എൻജിനീയർ വി.ബിനു എന്നിവർ സ്ഥലം സന്ദർശിച്ചു.
അനീഷ് പാണ്ടനാട്