കെപിസിസി നേതൃമാറ്റം ഉടനെ : കടുത്ത നടപടിയിലേക്ക് ഹൈക്കമാൻഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫിൽ അഴിച്ചു പണിക്ക് സാധ്യത. കെപിസിസി നേതൃത്വം ഉറപ്പിച്ച് ഹൈക്കമാൻഡ്.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെയും യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് എം എം ഹസ്സനെ യും മാറ്റാൻ നീക്കം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്
പത്തനംതിട്ട എംപി ആന്റോ ആന്റണിക്കാണ് സാധ്യത. സഭാ നേതൃത്വങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ആന്റോ ആന്റണി.
കോൺഗ്രസിന്റെ സ്ഥിരം വോട്ട്ബാങ്ക് ആയ ക്രൈസ്തവർ കോൺഗ്രസിൽ നിന്ന് മാറി മറ്റു പാർട്ടികളിലേക്ക് പോകുന്നത് സംസ്ഥാനത്തെ പാർട്ടിയുടെ അടിത്തറയ്ക്ക് വിള്ളൽ ഉണ്ടാക്കുന്നുണ്ട്. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് മറനീക്കി പുറത്തുവന്നതുമാണ്. മുനമ്പം വിഷയം ഉൾപ്പെടെയുള്ളവയിൽ പാർട്ടിയെടുത്ത നിലപാടും സഭകൾക്കിടയിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. സഭാ നേതൃത്വം അത് നേരിട്ട് പ്രകടിപ്പിച്ചിട്ടുമുണ്ട്.
കെപിസിസിയുടെ തലപ്പത്തേക്ക് ആന്റോ ആന്റണിയെ കൊണ്ടുവരുന്നതിലൂടെ സഭാ നേതൃത്വത്തെ വീണ്ടും പാർട്ടിയിലേക്ക് അടുപ്പിക്കാൻ ആകുമെന്നാണ് ഹൈക്കമാന്റിന്റെ വിശ്വാസം.എന്നാൽ കെ സുധാകരനെ മാറ്റുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മാറ്റണമെന്ന് കെ സുധാകര പക്ഷം ആവശ്യപ്പെടുന്നുണ്ട്.നിലവിലെ സാഹചര്യത്തിൽ അങ്ങനെ ഒരു മാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.