പാലക്കാട് : പണി പൂർത്തിയാക്കിയ റോഡുകളുടെ ബില്ലുകൾ മാറുന്നതിന് കൈക്കൂലി വാങ്ങിയ 3 പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. പാലക്കാട് പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ ഓഫീസിലെ ഡിവിഷണൽ അക്കൗണ്ടന്റ് സാലുദ്ദീൻ, ജൂനിയർ സൂപ്രണ്ട് രമണി, പി.ഡബ്ല്യു.ഡി ക്വാളിറ്റി കണ്ട്രോൾ ലാബിലെ അസിസ്റ്റന്റ് എഞ്ചിനീയർ ശശിധരൻ എന്നിവരാണ് 2,000 രൂപ വീതം കൈക്കൂലി വാങ്ങവേ പാലക്കാട് വിജിലൻസ് പിടികൂടിയത്.
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് ന്റെ ഭാഗമായി പാലക്കാട് വിജിലൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്. പി.ഡബ്ല്യു.ഡി കോൺട്രാക്ടറുടെ സൂപ്പർവൈസർ നൽകിയ പരാതിയിൽ ആയിരുന്നു നടപടി.
പണി പൂർത്തിയാക്കിയ റോഡുകളുടെ ബില്ലുകൾ പാസ്സായി ലഭിക്കാത്തതിനാൽ, പാലക്കാട് റോഡ്സ് ഡിവിഷൻ ഓഫീസിൽ എത്തി വിവരം തിരക്കിയപ്പോൾ . ബില്ലുകൾ പാസ്സാക്കി നൽകുന്നതിന് 2,000 രൂപ വീതം കൈക്കൂലി ഡിവിഷണൽ ഓഫീസിൽ എത്തിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു. അന്നേ ദിവസം തന്നെ പരാതിക്കാരൻ പി.ഡബ്ല്യു.ഡി ക്വാളിറ്റി കൺട്രോൾ ലാബിൽ പോയി റോഡ് വർക്കുകളുടെ ക്വാളിറ്റി കൺട്രോൾ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയർ ശശിധരനെ കണ്ടപ്പോൾ, സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 7,000 രൂപ ആവശ്യപ്പെട്ടു. കൈവശം ഉണ്ടായിരുന്ന 5,000 രൂപ വാങ്ങിയെടുത്ത ശേഷം 2,000 രൂപ കൂടി കൈക്കൂലിയായി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം നിരീക്ഷിച്ചു വരവേ പി.ഡബ്ല്യു.ഡി ക്വാളിറ്റി കൺട്രോൾ ലാബിലെ അസിസ്റ്റന്റ് എഞ്ചിനീയർ ശശിധരനെ പരാതിക്കാരനിൽ നിന്നും 2,000രൂപ കൈക്കൂലി വാങ്ങവേ പാലക്കാട് വിക്ടോറിയ കോളേജിന് സമീപം സ്വന്തം കാറിൽ വച്ചും, തുടർന്ന് പി.ഡബ്ല്യു.ഡി ഡിവിഷണൽ അക്കൗണ്ടന്റ് സാലുദ്ദീൻ, ജൂനിയർ സൂപ്രണ്ട് രമണി എന്നിവരെ പരാതിക്കാരനിൽ നിന്നും 2,000 രൂപ വീതം കൈക്കൂലി വാങ്ങവേ പാലക്കാട് പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ ഓഫീസിൽ വച്ചും വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും
Prev Post