തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ സ്ഥാപന ഉടമയ്ക്ക് മർദ്ദനം. പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുക്കാതെ പൊലീസ്. നഗരത്തിലെ ഹൈടെക് ഡിജിറ്റൽ സ്ഥാപനത്തിൻ്റെ ഉടമയും ഭിന്നശേഷിക്കാരനുമായ എം.ജോസഫി (53) ന് നേരെ ആണ് നിരന്തരമായ അതിക്രമങ്ങൾ നടക്കുന്നത്.
അനിൽ അസോസിയേറ്റ്സ് എന്ന പേരിൽ ഡിടിപി സെൻറർ നടത്തുന്ന അനിൽ എന്നയാൾ ജോസഫിനെ മർദ്ദിക്കുകയും സ്ഥാപനത്തിൻ്റെ ബോർഡ് നശിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടും അനിൽ തുടർച്ചയായി സ്ഥാപനത്തിൻ്റെ ബോർഡ് നശിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
ശ്രീനിവാസ് ബിൽഡിംഗിന്റെ മതിലിൽ സ്ഥാപിച്ചിരുന്ന ജോസഫിൻ്റെ സ്ഥാപനത്തിൻ്റെ ബോർഡിലെ അക്ഷരങ്ങൾ മാഞ്ഞുപോയതിനാൽ ബോർഡ് പുതുക്കി സ്ഥാപിക്കുന്നതിനിടെ ഏപ്രിൽ 27ന് വൈകുന്നേരം 6.40 ന് ആണ് ആദ്യ സംഭവം ഉണ്ടാകുന്നത്. അനിൽ എന്ന വ്യക്തി ആക്രോശിക്കുകയും അസഭ്യം പറയുകയും ജോസഫിൻ്റെ നെഞ്ചിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകുകയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുകയും ഉണ്ടായി.തുടർന്ന് പോലീസിന്റെ നിർദ്ദേശാനുസരണം
പിന്നീട് സ്ഥാപിച്ച ബോർഡ് ഏപ്രിൽ 30ന് രാവിലെ അനിലും കൂട്ടാളികളും ചേർന്ന് വലിച്ചുകീറി നശിപ്പിച്ചു. മേയ് 8ന് മൂന്നാം തവണയും ബോർഡ് നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് പോലീസിൽ വീണ്ടും നേരിട്ടെത്തി പരാതിബോധിപ്പിച്ചു അപ്പോൾ ബോർഡ് വീണ്ടും സ്ഥാപിക്കാൻ പോലീസ് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇന്ന് രാവിലെ നാലാം തവണയും സ്ഥാപനത്തിൻ്റെ ബോർഡ് നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയ ജോസഫ് സഹായത്തിനായി 112-ൽ വിളിക്കുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഈ സാഹചര്യത്തിൽ, എഫ്.ഐ.ആർ. പ്രകാരമുള്ള അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി അനിൽ എന്നയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സ്ഥാപനത്തിനും ഉടമയ്ക്കും ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഭിന്നശേഷിക്കാരനായ താൻ നിരന്തരമായി അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഈ വിഷയത്തിൽ ഉടൻ നീതി ലഭ്യമാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.
ഈ വിഷയത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നോ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, ഈ വിഷയത്തിലെ തൻ്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരൻ മുഖ്യമന്ത്രി, ജില്ലാ കളക്ടർ, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.