എറണാകുളം: കടവന്ത്രയിലെ കാറ്ററിംഗ് സെന്ററിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ഹെൽത്ത് വിഭാഗമാണ് പരിശോധന നടത്തി ദുർഗന്ധം വമിക്കുന്ന ആഹാര പദാർത്ഥങ്ങൾ പിടികൂടിയത്. വന്ദേ ഭാരതിൽ ഉൾപ്പെടെയുള്ള ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് സർവീസിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
നഗരസഭയുടെ ലൈസൻസ് ഇല്ലാത്ത സ്ഥാപനം വൃത്തിഹീനമായ ചുറ്റുപാടിൽ ആയിരുന്നു പ്രവർത്തിച്ചുവന്നിരുന്നത്.ഫ്രീസറിൽ നിന്ന് പഴകിയ ഇറച്ചികളും കാലാവധി കഴിഞ്ഞ മറ്റു ഭക്ഷണ സാധനങ്ങളും കോർപ്പറേഷൻ ആരോഗ്യ വിഭാഗം അധികൃതർ പിടികൂടി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആയിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത്.
മലിനജലം റോഡിലേക്ക് ഒഴുക്കിയതുമായി ബന്ധപ്പെട്ട് ഒരുമാസം മുൻപ് ഈ സ്ഥാപനത്തിന് കോർപ്പറേഷൻ പിഴ ഈടാക്കിയിരുന്നു. പിഴ ഒടുക്കാത്തതിനാൽ നടത്തിയ പരിശോധനയിലാണ് പഴകി ദുർഗന്ധം വമിക്കുന്ന ഭക്ഷണങ്ങൾ പിടികൂടിയത്. ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. രണ്ടുതവണ നോട്ടീസ് നൽകിയിട്ടും ഇതുവരെ കോർപ്പറേഷൻ ലൈസൻസ് എടുക്കാൻ സ്ഥാപന ഉടമകൾ തയ്യാറായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.