കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയ ; ഡോക്ടർക്ക് ഗുരുതരവീഴ്ച : ഡി എം ഒ യുടെ റിപ്പോർട്ട്

തിരുവനന്തപുരം : വയറിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിക്കും ഡോക്ടർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി ജില്ല മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകി.
അനുമതി ഇല്ലാതെയാണ് ആശുപത്രിയിൽ കൊഴുപ്പു മാറ്റൽ ശസ്ത്രക്രിയ നടത്തിയത്. ത്വക്ക്,പല്ല് ചികിത്സകൾക്ക് മാത്രമാണ് ആശുപത്രിക്ക് അനുമതിയുള്ളത്.
തുടർ ചികിത്സ നൽകുന്നതിലും ഗുരുതര വീഴ്ച സംഭവിച്ചതായും,അനുമതിയില്ലാത്ത മറ്റ് ചികിത്സകളും ആശുപത്രിയിൽ നടക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഫെബ്രുവരി 22നാണ് സോഫ്റ്റ്‌വെയർ എൻജിനിയർ എം.എസ്.നീതുവിന് കുളത്തൂരിലെ കോസ്മെറ്റിക്‌ ക്ലിനിക്കിൽ ശസ്ത്രക്രിയ നടന്നത്. അടുത്തദിവസം ആരോ​ഗ്യസ്ഥിതി മോശമായ നീതുവിനെ വി​ദ​​ഗ്ദ്ധ ചികിത്സയ്ക്കായി അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. ഇടതുകൈയിലെ നാലും ഇടതുകാലിലെ അഞ്ചും വിരലുകൾ മുറിച്ചുമാറ്റപ്പെട്ട നീതു ഇപ്പോഴും ചികിത്സയിലാണ്. നീതുവിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ക്ലിനിക്ക് ഉടമ ‌ഡോ.ബിബിലാഷ് ബാബു,ശസ്‌ത്രക്രിയ നടത്തിയ ഡോ.ഷെനോൾ ശശാങ്കൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ചയും പൊലീസ് കുളത്തൂരിലെ കോസ്മെറ്റിക് ക്ലിനിക്കിൽ പരിശോധന നടത്തിയിരുന്നു. നിലവിൽ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ക്ലിനിക്കിന്റെ പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്