കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ രംഗത്തിറങ്ങി. ദുബായില്‍ ബിസിനസ് ചെയ്യുന്ന ഇസ്സുധിന്‍ എന്ന യമന്‍ പൗരനും ബോചെയുടെ സുഹൃത്തായ അബ്ദുള്‍ റഹൂഫ് എന്ന ദുബായ് ബിസിനസുകാരനുമാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് മോചനദ്രവ്യമായി ഒരു കോടി രൂപ നല്‍കും. ബാക്കി വരുന്ന തുക സമാഹരിക്കാന്‍ നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലും അബ്ദുള്‍ റഹീം നിയമസഹായ സമിതിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മോചന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബോചെ ഉടന്‍ ഒമാനിലേക്ക് തിരിക്കും. ഇടനിലക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യാത്ര. വധശിക്ഷ നീട്ടിവെക്കുന്നത് ഉള്‍പ്പെടെയുളള ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി ഇടനിലക്കാര്‍ പ്രാദേശിക നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. ജാതിമത, കക്ഷി രാഷ്ട്രീയ ഭേദമെന്യെ മലയാളികള്‍ ഒരുമിച്ച് നിന്നുകൊണ്ട് നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബോചെ പറഞ്ഞു.