ചെങ്കോട്ട സ്ഫോടനക്കേസ്: ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ; പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി; എൻഐഎ അന്വേഷണം ഊർജിതം

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി കസ്റ്റഡിയിലായി. കാണ്‍പൂരിൽ നിന്ന് അനന്ത്‌നാഗ് സ്വദേശിയായ മൊഹമ്മദ് ആരിഫിനെയാണ് പ്രത്യേക അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി ഉയർന്നു.നേരത്തെ പിടിയിലായ പ്രതി പർവ്വേസിനെ ഡൽഹിയിൽ എത്തിച്ചു. ഡിസംബർ ആറിന് ചെങ്കോട്ടയിൽ സ്ഫോടനം നടത്താനാണ് ഭീകരൻ ഉമറും കൂട്ടാളികളും ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഈ നീക്കത്തെ ഭീകര നീക്കമായി കണക്കാക്കിയത്.

അന്വേഷണം ഊർജിതമാക്കി എൻ.ഐ.എ.

ഡൽഹി സ്ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി തെരച്ചിൽ ആരംഭിച്ചു. രണ്ടിലധികം ഡോക്ടർമാർ കൂടി ഭീകര ശൃംഖലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എൻ.ഐ.എയുടെ നിഗമനം.

കാർ ഡീലറുടെ വെളിപ്പെടുത്തൽ

സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഭീകരർക്ക് വിറ്റത് ഒന്നരലക്ഷം രൂപയ്ക്കാണെന്ന് ഡീലർ വെളിപ്പെടുത്തി. ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച കാർ, ഭീകരൻ ഉമറിൻ്റെ സുഹൃത്തായ താരിഖിന് ഫരീദാബാദിലെ ‘റോയൽ കാർ സോണി’ലാണ് കാർ വിൽപ്പന നടത്തിയത്. കാർ വാങ്ങാൻ താരിഖ് ഉൾപ്പെടെ രണ്ടുപേരാണ് എത്തിയതെന്നും രണ്ടാമത്തെ ആളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഡീലർ അമിത് പട്ടേൽ പറഞ്ഞു.

സുഹൃത്തുക്കളും വിദേശ ബന്ധവും

കാശ്മീരിൽ അറസ്റ്റിലായ ഡോക്ടർ സജാദ് മാലിക്ക് മുസമ്മിലിൻ്റെ സുഹൃത്താണ്.
​ഉമർ വാങ്ങിയ ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുസമ്മീൽ ആണെന്ന വിവരങ്ങളും പുറത്തുവരുന്നു.
​വലിയ ആക്രമണത്തെക്കുറിച്ച് ഉമർ എപ്പോഴും സംസാരിച്ചിരുന്നു എന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
​ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം ലഭിച്ചതിനെക്കുറിച്ചും എൻ.ഐ.എ. അന്വേഷിക്കുന്നുണ്ട്. തുർക്കിയിലെ ചിലർ ഉമർ അടക്കമുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായാണ് വിവരം.
​അതേസമയം, ഹരിയാനയിൽ ഇതിനോടകം അമ്പതിലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. കാർ ഓടിച്ചിരുന്നത് ഉമർ തന്നെയാണെന്ന് ഡി.എൻ.എ. പരിശോധനാ ഫലവും സ്ഥിരീകരിച്ചു. അന്വേഷണ വിവരങ്ങൾക്കായി മന്ത്രിസഭ കാത്തിരിക്കുകയാണ്.