കൊല്ലം: ഇരവിപുരത്ത് 66 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പോലീസ് വലയിലായി. വഞ്ചിക്കോവിൽ ക്ഷേത്രത്തിന് സമീപം ശ്രീശരവണ നഗർ-73 മേലേചരുവിള തൊടിയിൽ വീട്ടിൽ ദീപുവാണ് പിടിയിലായത്. കൊല്ലം സിറ്റി ഡാൻസാഫ് ടീമും ഇരവിപുരം പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.
രണ്ടുദിവസം മുമ്പ് ഇരവിപുരം വഞ്ചിക്കോവിൽ നഗർ-113 പർണ്ണശാല വീട്ടിൽ ആദർശിനെ 66 ചാക്ക് പുകയില ഉൽപ്പന്നങ്ങളുമായി പോലീസ് പിടികൂടിയിരുന്നു. ആദർശിന്റെ വീടിന്റെ മുകൾഭാഗം വാടകയ്‌ക്കെടുത്താണ് ദീപു ഈ ഉൽപ്പന്നങ്ങൾ സംഭരിച്ചിരുന്നത്. പോലീസ് റെയ്ഡിനെത്തുടർന്ന് ദീപു ഒളിവിൽ പോകുകയായിരുന്നു.
സ്‌കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചിരുന്നത് ദീപുവാണെന്ന് പോലീസ് കണ്ടെത്തി. ഒമ്പത് മാസങ്ങൾക്ക് മുമ്പ് ഇയാൾ വാടകയ്‌ക്കെടുത്ത കടയിൽ നിന്ന് 50 ചാക്ക് പുകയില ഉൽപ്പന്നങ്ങളും, സുഹൃത്തുക്കളുടെ വീടുകളിൽ നിന്ന് നിരവധി ചാക്ക് ഉൽപ്പന്നങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഷെരീഫിന്റെ നിർദ്ദേശാനുസരണം ഇരവിപുരം ഇൻസ്‌പെക്ടർ രാജീവ്, സബ്ബ് ഇൻസ്‌പെക്ടർ രഞ്ജിത്ത്, ഡാൻസാഫ് എസ്‌ഐ സായി സേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.