‘രാഹുൽ ഗാന്ധിയെ ഈ രാജ്യത്ത് നിന്ന് പുറത്താക്കണം’: പ്രജ്ഞ സിംഗ് താക്കൂർ
കൊൽക്കത്ത: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ലോക്സഭാ എംപി പ്രജ്ഞ സിംഗ് താക്കൂർ. വിദേശ മണ്ണിൽ വെച്ച് രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ പ്രതിഷേധം. ഒരു വിദേശ വനിതയിൽ ജനിച്ച മകന് ഒരിക്കലും രാജ്യസ്നേഹിയാവാൻ കഴിയില്ലെന്ന് ചാണക്യ പറഞ്ഞതായും അത് സത്യമാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചുവെന്നും ഇവർ ചൂണ്ടിക്കാട്ടി.
പാർലമെൻ്റിലെ പ്രതിപക്ഷ എംപിമാരുടെ മൈക്കുകൾ ഇടക്കിടെ ഓഫ് ചെയ്യാറുണ്ടെന്ന് യുകെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. വിദേശ രാജ്യത്ത് പോയി ഇന്ത്യയ്ക്കെതിരെ സംസാരിക്കുന്നത് രാജ്യവിരുദ്ധതയാണെന്നും വിമർശനമുയർന്നു. ‘അമ്മ ഇറ്റലിയിൽ നിന്നായതിനാൽ താങ്കൾ ഇന്ത്യയിൽ നിന്നല്ലെന്ന് ഞങ്ങൾ കരുതുന്നു’, പ്രജ്ഞ പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പറയുന്നു. ‘ഒരു വിദേശരാജ്യത്തേക്ക് പോയി പാർലമെൻ്റിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് നിങ്ങൾ പറയുന്നു. അതിനെക്കാൾ നാണക്കേടില്ല. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ അവസരം നൽകരുത്. രാജ്യത്തുനിന്ന് പുറത്താക്കണം. കോൺഗ്രസ് അവസാനിക്കാറായി. ഇപ്പോൾ അവരുടെ ചിന്തയും താറുമാറായിരിക്കുന്നു’, ഇവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ രംഗത്തുവന്നിരുന്നു. കുട്ടികളെ ഉണ്ടാക്കാനുള്ള കഴിവില്ലാത്തതിനാലാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് എന്ന് നളിൻ കുമാർ അധിക്ഷേപിച്ചു. നളിൻ കുമാറിൻ്റെ അധിക്ഷേപത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. നളിൻ കുമാറിന് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് തോന്നുന്നതെന്ന് കോൺഗ്രസ് എംഎൽഎയും സംസ്ഥാന കമ്മ്യൂണിക്കേഷൻ വിഭാഗം തലവനുമായ പ്രിയങ്ക് ഖാർഗെ ട്വീറ്റ് ചെയ്തു.