മഹാരാഷ്ട്രയിൽ അവാർഡ് ദാന ചടങ്ങിൽ സൂര്യാഘാതമേറ്റ് 11 മരണം
നവി മുംബൈയിലെ ഖാർഘറിൽ ഞായറാഴ്ച നടന്ന മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിനിടെ സൂര്യാഘാതമേറ്റ് പതിനൊന്ന് പേർ മരിക്കുകയും 120 ലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. നവി മുംബൈയിലെ ഖാർഘറിൽ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിനിടെയാണ് 11 പേർ കടുത്ത ചൂട് മൂലം മരിച്ചതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
പരിപാടിക്കിടെ സൂര്യാഘാതം നേരിട്ട ആളുകളെ വൈദ്യസഹായത്തിനായി ഖാർഘറിലെ ടാറ്റ ആശുപത്രിയിൽ എത്തിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മഹാരാഷ്ട്ര ഭൂഷൺ അവാർഡിന് അർഹനായ സാമൂഹിക പ്രവർത്തകൻ ദത്താത്രേയ നാരായൺ എന്ന അപ്പാസാഹേബ് ധർമ്മാധികാരിയെ അനുമോദിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ധർമ്മാധികാരിക്ക് സമ്മാനിച്ചു.
തിങ്ങിനിറഞ്ഞ ജനക്കൂട്ടം, മേൽക്കൂരയില്ലാത്ത മൈതാനം
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചടങ്ങിൽ പങ്കെടുത്തു. രാവിലെ മുതൽ ആളുകൾ ഒത്തുകൂടാൻ തുടങ്ങിയ പരിപാടി 11.30ഓടെ ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു.
ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഗ്രൗണ്ട് ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു, കൂടാതെ ശ്രീ സദസ്യയുടെ (ധർമ്മാധികാരിയുടെ സംഘടന) അനുയായികൾക്ക് ഓഡിയോ/വീഡിയോ സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു. പങ്കെടുക്കുന്നവർക്കുള്ള ഇരിപ്പിട ക്രമീകരണം തുറസ്സായ സ്ഥലത്താണ് ഒരുക്കിയിരിക്കുന്നതെന്നും മേൽക്കൂര ഉണ്ടായിരുന്നില്ലെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.