‘ക്ഷീരകര്‍ഷകര്‍ ബുദ്ധിമുട്ടിൽ..എന്തിന് ഈ പ്രതിഷേധം’; പാല്‍ വില വര്‍ധനവിനെ ന്യായീകരിച്ച് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍

[ad_1]

സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിച്ചത് ക്ഷീര കര്‍ഷകര്‍ നേരിടുന്ന ദുരിതം കാരണമെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍. എന്തിനാണ് ഇക്കാര്യത്തിൽ ഇത്രയധികം പ്രതിഷേധമുയരുന്നതെന്ന് ഫെഡറേഷന്‍ ചെയര്‍മാന്‍ ഭീമ നായ്ക് ചോദിച്ചു. പാല്‍വില കൂട്ടണമെന്ന് ക്ഷീരകര്‍ഷകര്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ ലിറ്ററിന് 24 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നന്ദിനി ബ്രാന്‍ഡിന്റെ പാല്‍, തൈര്, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് മൂന്ന് രൂപ വീതം കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ അടുത്തിടെ വര്‍ധിപ്പിച്ചു.

വര്‍ധിപ്പിച്ച തുക കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് കെഎംഎഫ് വ്യക്തമാക്കിയിരുന്നു. പാവപ്പെട്ട ക്ഷീര കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടിലാണെന്നും പശുക്കളെ പരിപാലിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും അതിനാല്‍ അവര്‍ അവയെ വില്‍ക്കാൻ നിർബന്ധിതരാകുകയാണെന്നും ന്യൂസ് 18-ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കെഎംഎഫ് ചെയര്‍മാന്‍ പറഞ്ഞു. മുമ്പ് 10 പശുക്കള്‍ വരെയുണ്ടായിരുന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ അഞ്ച് പശുക്കള്‍ വരെയേയുള്ളൂ. നേരത്തെ മൂന്നും നാലും പശുക്കള്‍ ഉണ്ടായിരുന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഒരു പശു മാത്രമേ ഉള്ളൂ.

കര്‍ഷകര്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അതിനാല്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പാല്‍വില അഞ്ച് രൂപ വരെ കൂട്ടണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ 35 രൂപയായി വില നിശ്ചയിച്ചിട്ടുണ്ട്. കടകളില്‍ നിന്ന് പാല്‍ വാങ്ങുമ്പോള്‍ ലിറ്ററിന് 56 രൂപ ഈടാക്കുന്നുണ്ടെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബെല്ലാരി പോലുള്ള സ്ഥലങ്ങളില്‍ ലിറ്ററിന് 24 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കോളാറിലാകട്ടെ പാല്‍ വില ലിറ്ററിന് 26 മുതല്‍ 33 ലിറ്റര്‍ വരെയാണ്.

പാല്‍ കറന്നെടുക്കുന്ന പശുക്കള്‍ക്ക് നല്ലരീതിയില്‍ ആഹാരം കൊടുക്കണം. എങ്കില്‍ മാത്രമേ ഗുണമേന്മയുള്ള പാല്‍ ലഭിക്കൂ. മൃഗങ്ങളുടെ പരിപാലനത്തിനായി വളരെ വലിയൊരു തുക കര്‍ഷകര്‍ ചെലവഴിക്കുന്നുണ്ട്. വൃത്തിയും പാലിന്റെ ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന് ഇത് അത്യാവശ്യമാണ്. കാലിതീറ്റയുടെ വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പാലിന് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്ക് അവര്‍ക്ക് ലഭിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഇതെങ്ങനെ അതിജീവിക്കാനാകും ഭീമ നായിക് ചോദിച്ചു. തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കര്‍ണാടകയില്‍ കുറഞ്ഞ വിലയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് സംഭരിച്ചിട്ടാണ് ഞങ്ങള്‍ കുറഞ്ഞ വിലയ്ക്ക് പാലും പാലുത്പന്നങ്ങളും വില്‍ക്കുന്നത്. ആന്ധ്രാപ്രദേശില്‍ പാല്‍വില ലിറ്ററിന് 56 രൂപയാണ്. കര്‍ണാടകയിലാകട്ടെ 39 രൂപയും. 17 രൂപയുടെ വ്യത്യാസമാണുള്ളത്. തമിഴ്‌നാട്ടില്‍ പാല്‍ ലിറ്ററിന് 44 രൂപയും അമുല്‍ പാല്‍ വില്‍ക്കുന്ന ഗുജറാത്തിലും ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ലിറ്ററിന് 54 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. കേരളത്തിലാകട്ടെ ലിറ്ററിന് 55 രൂപയ്ക്കാണ് പാല്‍ വില്‍ക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയ്‌ക്കെങ്കിലും പാല്‍ വില്‍ക്കണ്ടേ? കര്‍ഷകര്‍ക്ക് അവരുടെ കഷ്ടപ്പാടിന് കുറച്ച് നേട്ടമെങ്കിലും ഉണ്ടാകണ്ടേ?, അദ്ദേഹം ചോദിച്ചു.

അതേസമയം, പാല്‍ വില വര്‍ധിപ്പിക്കുന്നത് ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കില്ലേ എന്ന ചോദ്യത്തിന്, ഇന്ധനവില 120 രൂപ എത്തിയപ്പോള്‍ ആര്‍ക്കും ഒരു പരാതിയുമില്ലായിരുന്നു. കര്‍ഷകരുടെ നന്മയെക്കരുതി തീരുമാനമെടുക്കുമ്പോള്‍ എന്തിനാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഈ പ്രതിഷേധം? അവര്‍ രാഷ്ട്രീയം കളിക്കുകയാണ്. കര്‍ഷകരെ സഹായിക്കുമെന്ന അവരുടെ അവകാശവാദം വെറും വാക്കുകളില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് ഒന്നുമുതല്‍ കര്‍ണാടകയിലെ വിവിധ പാല്‍ ഉത്പന്നങ്ങളുടെ വില ഇപ്രകാരമാണ്. പഴയ വില ബ്രാക്കറ്റില്‍.

ടോണ്‍ഡ് മില്‍ക്ക് (നീല കവര്‍) – ലിറ്ററിന് 42 രൂപ (39)
ഹോമോജിനൈസ്ഡ് പാല്‍ – ലിറ്ററിന് 43 രൂപ (40)
പാസ്ചുറൈസ്ഡ് പാല്‍ (പച്ച കവര്‍) – ലിറ്ററിന് 46 രൂപ (43)
ശുഭം സ്‌പെഷ്യല്‍ പാല്‍ (ഓറഞ്ച് കവര്‍) – ലിറ്ററിന് 48 രൂപ (45)
തൈര് – ലിറ്ററിന് 50 രൂപ (47)
ബട്ടര്‍ മില്‍ക്ക് (200 മില്ലി ലിറ്റര്‍) – ഒന്‍പത് രൂപ (8)

[ad_2]