സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഹ‍ൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വി.കെ.പരമേശ്വരൻ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായാണ് ജനനം. കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ കൂടിയാണു കാനം. സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച കാനം
ഇരുപത്തിമൂന്നാം വയസ്സിൽ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറിയായി.
2015ലെ കോട്ടയം സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ആയി. 2018ലെ മലപ്പുറം സമ്മേളനത്തിൽ രണ്ടാവട്ടവും, 2021ലെ തിരുവനന്തപുരം സമ്മേളനത്തിൽ മൂന്നാം വട്ടവും സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു.