അടിപൊളി ഡാൻസുമായി ചഹൽ; ഒപ്പം ചേർന്ന് ജോ റൂട്ടും
രാജസ്ഥാൻ റോയൽസ് ക്യാമ്പ് ഏറെ സവിശേഷതകൾ ഉള്ളൊരു ഇടമാണ്. മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്തമായി യുസ്വേന്ദ്ര ചാഹലിന്റെ സാന്നിധ്യമാണ് അവരെ വേറിട്ട് നിർത്തുന്നതെന്ന് വേണമെങ്കിൽ പറയാം. ക്യാമ്പിനെ ഉത്സാഹത്തോടെ ഒരുമിച്ച് നിർത്തുന്നതിൽ ചഹൽ വലിയ പങ്കാണ് വഹിക്കുന്നത്. ഇപ്പോഴിതാ ടീമിലേക്ക് പുതുതായി എത്തിയ ജോ റൂട്ടിനെ ഒരു കിടിലം ഡാൻസുമായാണ് ചഹൽ വരവേറ്റത്. ഒപ്പം ജോ റൂട്ടും ചുവട് വയ്ക്കുന്നതായി വീഡിയോയിൽ കാണാം.
പൊതുവെ ഒരൽപം നാണം കുണുങ്ങിയായ ജോ റൂട്ട് പോലും ചഹലിന്റെ വലയത്തിൽപെട്ട് മതിമറന്ന് ആഘോഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വ്യത്യസ്തമായ ചുവടുകളുമായി ഇരുവരും വേദി നിറയുമ്പോൾ നിരവധി ആരാധകരാണ് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ ജോസ് ബട്ലർ ഉണ്ടാവില്ലെന്ന് അറിഞ്ഞതോടെ തനിക്ക് അരങ്ങേറ്റം നടത്താമെന്നുള്ള സന്തോഷത്തിലാണ് റൂട്ട് എന്നാണ് ഒരു ആരാധകൻ തന്റെ രസകരമായ കമന്റിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് എതിരെ വഴങ്ങിയ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിലാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ എത്തിയ ടീമിന് അവസാന ഓവറിൽ പഞ്ചാബിനെതിരെ മത്സരം കൈവിട്ടുപോയി. മത്സരത്തിനിടെ പരിക്കേറ്റ ജോസ് ബട്ലർക്ക് അടുത്ത മത്സരം നഷ്ടമാകുമെന്നാണ് സൂചന.