സൂപ്പർ കപ്പിൽ ഇന്ന് സതേൺ ഡെർബി
Super Cup 2023: ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിലേറ്റ തിരിച്ചടിയ്ക്ക് ബെംഗളൂരു എഫ്സിയോട് കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങും. സൂപ്പർ കപ്പിലെ നിർണായക പോരാട്ടത്തിൽ കരുത്തരായ ബെംഗളൂരു എഫ്സിയ്ക്ക് എതിരെ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിന്റെ മുൻപിലില്ല.
ആദ്യ മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തകർത്ത ബ്ലാസ്റ്റേഴ്സിന് പക്ഷേ ശ്രീനിധി ഡെക്കാനെതിരായ രണ്ടാം മത്സരത്തിൽ അടിതെറ്റി. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ജയിക്കുകയല്ലാതെ ബ്ലാസ്റ്റേഴ്സിന് മുന്നോട്ട് പോകാൻ മറ്റ് വഴികളില്ല. ബെംഗളൂരുവിനും ഇന്നത്തെ മത്സരം നിർണായകമാണ്.
നാല് ഗ്രൂപ്പുകളിലും ആദ്യ സ്ഥാനത്തെത്തുന്ന ടീമുകളാണ് സെമിയിലേക്ക് മുന്നേറുക. നിലവിൽ രണ്ട് മത്സരങ്ങളിൽ നാല് പോയിന്റ് വീതമുള്ള ബെംഗളൂരുവും, ശ്രീനിധി ഡെക്കാനുമാണ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.