23 വർഷം നീണ്ട കരിയറിന് വിരാമം; ജോവാക്വിൻ സീസണൊടുവിൽ കളി മതിയാക്കും
സ്പാനിഷ് സൂപ്പർതാരം ജോവാക്വിൻ ഈ ലാ ലിഗ സീസണോടെ കളിക്കളത്തോട് വിടപറയും. 41-കാരനായ ഈ വിങ്ങർ 23 വർഷം നീണ്ട കളിജീവിതത്തിനാണ് വിരാമമിടുന്നത്. ലാ ലിഗ ക്ലബ് റയൽ ബെറ്റിസിന്റെ ക്യാപ്റ്റൻ കൂടിയാണ് ജോവാക്വിൻ.
ബെറ്റിസിന്റെ യൂത്ത് ടീമിനായി കളിച്ചുതുടങ്ങിയ ജോവാക്വിൻ 2000-ലാണ് അവർക്കായി തന്നെ സീനിയർ അരങ്ങേറ്റവും കുറിച്ചത്. പിന്നീട് 2006 വരെ താരം ക്ലബിനൊപ്പം തുടർന്നു. പിന്നീട് അഞ്ച് വർഷം വലൻസിയക്കായും രണ്ട് വർഷം മലാഗയ്ക്കായും ജോവാക്വിൻ കളിച്ചു. 2013 മുതൽ രണ്ട് വർഷം ഇറ്റലിയിലെ ഫിയോറെന്റിനയെയാണ് ജോവാക്വിൻ പ്രതിനിധീകരിച്ചത്. തുടർന്ന് 2015-ൽ താരം ബെറ്റിസിൽ തിരിച്ചെത്തി.
ലാ ലിഗയിൽ ഇതുവരെ 615 മത്സരങ്ങളാണ് ജോവാക്വിൻ കളിച്ചത്. 622 ലാ ലിഗ മത്സരങ്ങൾ കളിച്ച അൻഡോണി സുബിസരാറ്റെയുടെ റെക്കോർഡ് ഈ സീസണിൽ ജോവാക്വിൻ മറികടക്കാനാണ് സാധ്യത. 800-ലേറെ പ്രൊഫഷനൽ മത്സരങ്ങൾ കളിച്ച ജോവാക്വിന്റെ പേരിൽ 112 ഗോളും 102 അസിസ്റ്റുമാണുള്ളത്. ബെറ്റിസിനും വലൻസിയക്കുമൊപ്പം കോപ്പാ ഡെൽ റേ കിരീടവും ജോവാക്വിൻ നേടിയിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായി 51 തവണയും ഈ താരം ബൂട്ടുകെട്ടിയിട്ടുണ്ട്.