പാക് ടീമിലേക്ക് ഇൻസമാമുൽ ഹഖ് തിരിച്ചു വരുന്നു; വീണ്ടും മുഖ്യ സെലക്ടറുടെ റോൾ
[ad_1]
മുൻ പാക് നായകൻ ഇൻസമാമുൽ ഹഖ് പുതിയ റോളിൽ വീണ്ടും ടീമിൽ തിരിച്ചെത്തുന്നുവെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി ഇൻസി എത്തുമെന്നാണ് പുതിയ വാർത്ത. 2016 മുതൽ 2019 വരെ വഹിച്ചിരുന്ന സ്ഥാനത്തേക്ക് തിരിച്ചെത്താൻ ടെസ്റ്റ് ടീം മുൻ ക്യാപ്റ്റൻ സമ്മതം അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഏഷ്യയിലെ മികച്ച മധ്യനിര ബാറ്റ്സ്മാൻമാരിൽ ഒരാളായാണ് ഇൻസമാമുൽ ഹഖിനെ വിശേഷിപ്പിക്കുന്നത്.
മിസ്ബാഹുൽ ഹഖ്, ഇൻസമാം, മുഹമ്മദ് ഹഫീസ് എന്നിവരുൾപ്പെടെയുള്ള ക്രിക്കറ്റ് ടെക്‌നിക്കൽ കമ്മിറ്റി അംഗങ്ങൾ പുതിയ സെലക്ഷൻ കമ്മിറ്റിയെ കുറിച്ച് ചർച്ച ചെയ്തു വരികയാണെന്നും ആർതറും ബ്രാഡ്‌ബേണും കമ്മിറ്റിയിൽ അംഗങ്ങളായി തുടരണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പാക് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ബാബർ അസമിന്റെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷം ക്രിക്കറ്റ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്കുള്ള ശുപാർശയ്ക്ക് അന്തിമരൂപം നൽകും. ഇതിനൊപ്പം ഇൻസമാം മുഖ്യ സെലക്ടറായി ചുമതലയേൽക്കുന്നതിലും സെലക്ഷൻ കമ്മിറ്റി നവീകരണത്തിലും തീരുമാനമുണ്ടാകും.
ക്രിക്കറ്റ് മാനേജ്മെന്റ് തലപ്പത്തേക്ക് നജാം സേത്തി എത്തിയതിനു ശേഷമാണ് സെലക്ഷൻ കമ്മിറ്റിയിൽ മിക്കി ആർതറിനേയും ഗ്രാന‍്റ് ബ്രാഡ്ബേണിനേയും ഉൾപ്പെടുത്തിയത്. പുതിയ സെലക്ഷൻ കമ്മിറ്റിയിൽ ആർതറും ബ്രാഡ്‌ബേണും ഉണ്ടാകുമോയെന്ന് അടുത്തയാഴ്ച്ചയോടെ അറിയാനാകും.
അതേസമയം, 2023ലെ ഐസിസി ലോകകപ്പ് വരെ മിക്കി ആർതറിനെയും ഗ്രാന്റ് ബ്രാഡ്‌ബേണിനെയും പരിശീലക സ്ഥാനത്ത് നിലനിർത്താനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം.
[ad_2]