വിരാട് കോഹ്ലിയുടെ ബർത്ത് ഡേ ട്രീറ്റ്; സെഞ്ച്വറികളിൽ സച്ചിൻ ടെൻഡുൽക്കറിനൊപ്പം
[ad_1]
കൊല്‍ക്കത്ത: കിങ് കോഹ്ലിയുടെ 35-ാം പിറന്നാൾ ആയിരുന്നു ഇന്ന്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മറ്റൊരു തകർപ്പൻ സെഞ്ച്വറിയുമായി ഉഗ്രൻ ബർത്ത് ഡേ ട്രീറ്റാണ് കോഹ്ലി ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഏകദിനത്തിൽ 49-ാം സെഞ്ച്വറി നേടിയ കോഹ്ലി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്കൊപ്പമെത്തി.
ഈഡൻ ഗാർഡൻസിൽ 119 പന്തിൽ 10 ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്ലി 49-ാം സെഞ്ച്വറി നേടിയത്. ഇതോടെ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ സച്ചിനൊപ്പമായി കോഹ്ലിയുടെ സ്ഥാനം. ആറാമത്തെ ഓവറിൽ ക്രീസിലെത്തിയ കോഹ്ലി കാഗിസോ റബാഡ എറിഞ്ഞ 49-ാം ഓവറിലാണ് സെഞ്ച്വറി തികച്ചത്. മത്സരത്തിൽ 101 റൺസ് നേടി കോഹ്ലി പുറത്താകാതെ നിന്നു. പതിവിൽനിന്ന് വ്യത്യസ്തമായി ക്രീസിൽ പിടിച്ചുനിന്ന് കളിക്കാനാണ് കോഹ്ലി ശ്രമിച്ചത്. ടീമിനെ മികച്ച ടോട്ടലിലേക്ക് എത്തിക്കാൻ കോഹ്ലിയുടെ ഇന്നിംഗ്സ് ഏറെ നിർണായകമായി. കോഹ്ലി ക്രീസിലുള്ളപ്പോൾ മറ്റ് ബാറ്റർമാർക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ ബാറ്റ് വീശാൻ സാധിച്ചു.
ഈ ലോകകപ്പിൽ രണ്ടാം സെഞ്ച്വറിയാണ് വിരാട് കോഹ്ലി ഇന്ന് നേടിയത്. നേരത്തെ രണ്ട് തവണ സെഞ്ചുറിക്ക് അരികെ പുറത്തായ കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൂടുതൽ കരുതലോടെയാണ് സെഞ്ച്വറി തികച്ചത്. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ ദക്ഷിണാഫ്രിക്കൻ ബോളർമാരായ കേശവ് മഹാരാജും ഷംസിയും നന്നായി പന്തെറിഞ്ഞു.
ഇന്നത്തെ ഇന്നിംഗ്സോടെ ലോകകപ്പില്‍ 1500 റണ്‍സ് പിന്നിട്ട കോഹ്ലി ലോകകപ്പ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 45 മത്സരങ്ങളില്‍ 2278 റണ്‍സ് നേടിയ സച്ചിന് ടെന്‍ഡുല്‍ക്കറും 46 മത്സരങ്ങളില്‍ 1743 റണ്‍സ് നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ മുന്‍ നായകന് റിക്കി പോണ്ടിംഗും മാത്രമാണ് ലോകകപ്പ് റണ്‍വേട്ടയില്‍ ഇനി കോഹ്ലിക്ക് മുന്നിലുള്ളത്.
[ad_2]