ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷന് ഇന്ത്യയിലും തുടക്കമിട്ട് മെറ്റ, പ്രതിമാസ നിരക്ക് എത്രയെന്ന് അറിയാം
പണം ഈടാക്കിയുള്ള വെരിഫിക്കേഷൻ സംവിധാനത്തിന് ഇന്ത്യയിലും തുടക്കം കുറിച്ച് മെറ്റ. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കാണ് സബ്സ്ക്രിപ്ഷൻ മുഖാന്തരം ബ്ലൂ ടിക്ക് നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് ഇപ്പോൾ തന്നെ വെരിഫിക്കേഷനായി അപേക്ഷിക്കാൻ സാധിക്കും. വെയിറ്റിംഗ് ലിസ്റ്റിൽ ഇടം നേടുന്ന ഉപഭോക്താക്കളിൽ യോഗ്യരായവർക്ക് ബ്ലൂ ടിക്ക് നൽകുന്നതാണ്.
ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് അതത് ഫോണിലെ ആപ്പുകൾ മുഖേന വെരിഫിക്കേഷൻ നേടുമ്പോൾ പ്രതിമാസം 1,450 രൂപയാണ് സബ്സ്ക്രിപ്ഷൻ തുകയായി നൽകേണ്ടത്. വെബിലൂടെ ആക്സസ് ചെയ്യുന്നവരിൽ നിന്നും 1,099 രൂപയാണ് ഈടാക്കുക. വെരിഫൈഡ് അക്കൗണ്ടുകൾക്ക് മെറ്റ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. കൂടാതെ, പോസ്റ്റുകൾ, റീലുകൾ എന്നിവയ്ക്കും കൂടുതൽ പ്രചാരം ലഭിക്കുന്നതാണ്.
വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാൻ ഏതെങ്കിലും സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ ആവശ്യമാണ്. ആദ്യ ഘട്ടത്തിൽ ന്യൂസിലാൻഡ്, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കാണ് സബ്സ്ക്രിപ്ഷനിലൂടെ ബ്ലൂ ടിക്ക് സേവനം ലഭിച്ചിരുന്നത്.