Ecuador | ഇക്വഡോർ പ്രസിഡന്റ് സ്ഥാനാര്‍ഥി വധിക്കപ്പെട്ടത് തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ
[ad_1]
ഇക്വഡോർ പ്രസിഡന്റ് സ്ഥാനാര്‍ഥി ഫെര്‍ണാഡോ വില്ലവിസെന്‍ഷിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബുധനാഴ്ച വെടിയേറ്റു കൊല്ലപ്പെട്ടു. ക്വിറ്റോയില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് വെടിയേറ്റതെന്ന് ഇക്വഡോര്‍ ആഭ്യന്തരമന്ത്രി ജുവാന്‍ സപാറ്റയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഫെര്‍ണാഡോ (59), ഓഗസ്റ്റ് 20ന് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എട്ട് മത്സരാര്‍ഥികളില്‍ ഒരാളാണ്.
ഫെര്‍ണാഡോയ്ക്ക് വെടിയേല്‍ക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. റാലിക്ക് ശേഷം ഫെര്‍ണാഡോ അംഗരക്ഷകര്‍ക്കൊപ്പം മടങ്ങുന്നതും വെള്ള നിറമുള്ള വാഹനത്തില്‍ കയറിയതിന് തൊട്ടു പിന്നാലെ വെടിയുതിര്‍ക്കുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം.
രാജ്യത്ത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് കടത്തിനെക്കുറിച്ചും കൊലപാതകങ്ങളെ കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് കൊലപാതകം നടന്നത്. കുറ്റകൃത്യം ചെയ്തവരെ വെറുതെ വിടില്ലെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലെര്‍മോ ലാസോ പറഞ്ഞു. സംഘടിത കുറ്റകൃത്യം പരിധിവിട്ടിരിക്കുന്നു. കുറ്റവാളികള്‍ക്ക് നിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബില്‍ഡ് ഇക്വഡോര്‍ മൂവ്‌മെന്റിനെ പ്രതിനിധീകരിച്ചാണ് ഫെര്‍ണാഡോ മത്സര രംഗത്തെത്തിയത്. 2007 മുതല്‍ 2017 വരെയുള്ള മുന്‍ പ്രസിഡന്റ് റാഫേല്‍ കോറിയയുടെ ഭരണകാലയളവില്‍ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചയാളാണ് വില്ലവിസെന്‍ഷിയോ. കോറിയ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയയപരമായ പരാതികളും ഇദ്ദേഹം നല്‍കിയിട്ടുണ്ട്.
വെടിവെപ്പിനിടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, എത്ര പേര്‍ക്ക് പരിക്കുപറ്റിയെന്ന കൃത്യമായ കണക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലൂടെയാണ് വില്ലവിസെന്‍ഷിയോ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നത്. ഭാര്യയും നാലുകുട്ടികളുമാണ് അദ്ദേഹത്തിനുള്ളത്.
[ad_2]