ചെങ്കടലില്‍ മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ മിസൈലാക്രമണം. മണിക്കൂറുകളോളം നീണ്ട ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ യുദ്ധക്കപ്പല്‍ പ്രത്യാക്രമണം നടത്തി.
ഹൂതികള്‍ അയച്ച മൂന്ന് ഡ്രോണുകള്‍ യുഎസ് വെടിവച്ചിട്ടു. ഇതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ ഏറ്റെടുത്തു. പനാമയുടെ രണ്ട് കപ്പലുകളും ഒരു ബ്രിട്ടീഷ് കപ്പലുമാണ് ഹൂതികളുടെ ആക്രമണത്തെ അതിജീവിച്ചത്.
ആഗോളതലത്തില്‍ വാണിജ്യത്തിനും വിപണനത്തിനും സമുദ്രസുരക്ഷയ്‌ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇത്തരം ആക്രമണങ്ങളെന്ന് അമേരിക്കയുടെ സെൻട്രല്‍ കമാൻഡ് പ്രസ്താവനയിലൂടെ പ്രതികരിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട് ആക്രമണം നടത്തിയത് ഹൂതി വിമതരാണെങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാൻ ആണെന്നത് വ്യക്തമാണ്. നിരപരാധികളായ കപ്പല്‍ ജീവനക്കാരുടെ സുരക്ഷയാണ് ഹൂതികള്‍ അപകടത്തിലാക്കിയത്. യെമനിലെ സനയില്‍ നിന്ന് രാവിലെ 9.15ഓടെയായിരുന്നു ആക്രമണം. ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈലുകള്‍ യൂണിറ്റി എക്‌സപ്ലോറര്‍ എന്ന വാണിജ്യ കപ്പലിനെ ലക്ഷ്യമിട്ട് എത്തുന്നത് അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്‌എസ് കാര്‍ണി കണ്ടെത്തിയിരുന്നു. വാണിജ്യ കപ്പലിന് സമീപത്തായി മിസൈല്‍ പതിച്ചു. തൊട്ടുപിന്നാലെ ഹൂതികളയച്ച ഡ്രോണുകള്‍ കാര്‍ണി നിഷ്പ്രഭമാക്കിയെന്നും അമേരിക്കയുടെ സെൻട്രല്‍ കമാൻഡ് അറിയിച്ചു. രാവിലെ ഒമ്ബത് മണിയോടെ ആരംഭിച്ച മിസൈലാക്രമണം വൈകിട്ട് നാലര വരെ തുടര്‍ന്നിരുന്നു.
ബ്രിട്ടണ്‍ നിയന്ത്രണത്തിലുള്ള യൂണിറ്റി എക്‌സ്പ്ലോററിന് നേരെ ആയിരുന്നു ആദ്യ ആക്രണം. ഇതിന് മറുപടിയായി ഹൂതി ഡ്രോണ്‍ വെടിവച്ചിട്ടു. 12.35ന് യൂണിറ്റി എക്സ്പ്ലോററിനുനേരെ മറ്റൊരു ആക്രമണം നടന്നു. മറുപടിയായി മറ്റൊരു ഡ്രോണ്‍ അമേരിക്ക തകര്‍ത്തു. വൈകിട്ട് പനാമയുടെ രണ്ട് കപ്പലുകള്‍ക്ക് നേരെ രണ്ട് തവണ ആക്രമണമുണ്ടായി. അമേരിക്കൻ യുദ്ധക്കപ്പല്‍ ശക്തമായ പ്രതിരോധം തീര്‍ത്തതിനാല്‍ നാല് ആക്രമണങ്ങളെ ചെറുക്കാനും ആളപായം ഒഴിവാക്കാനും സാധിച്ചു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ നിരവധി ഹൂതി മിസൈലുകളെ തകര്‍ത്തെറിഞ്ഞ അമേരിക്കൻ യുദ്ധക്കപ്പലാണ് കാര്‍ണി. ആക്രമണപരമ്ബരകള്‍ നേരിട്ടുവെങ്കിലും യാതൊരു കേടുപാടും ഇതുവരെ യുഎസ് യുദ്ധക്കപ്പലിന് സംഭവിച്ചിട്ടില്ല.