ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് കമാൻഡര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ്. ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിൻറെ ഷാതി ബറ്റാലിയൻ കമാൻഡറെ ഇസ്രായേല്‍ വധിച്ചതായി പ്രതിരോധ സേന അറിയിച്ചു.
ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഇസ്രായേല്‍ പ്രദേശത്ത് റെയ്ഡ് നടത്തിയതിൻറെ ഉത്തരവാദിത്തം കൊല്ലപ്പെട്ട കമാൻഡര്‍ക്കാണെന്ന് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹൈതം ഖുവാജാരിയാണ് കൊല്ലപ്പെട്ടതെന്നും ഐഡിഎഫും ഇസ്രായേല്‍ സുരക്ഷാ ഏജൻസിയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗാസയ്ക്ക് പുറത്തുള്ള അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്ബിന് സമീപത്ത് വച്ചാണ് ഹമാസിന്റെ ഷാതി ബറ്റാലിയൻ കമാൻഡറിനെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു.
നവംബര്‍ പകുതിയോടെ വടക്കൻ ഗസ്സ മുനമ്ബില്‍ സ്ഥിതി ചെയ്യുന്ന അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്ബിൻറെ നിയന്ത്രണം ഐഡിഎഫ് ഏറ്റെടുത്തിരുന്നു. “ഇന്നലെ സജയ ബറ്റാലിയനില്‍ ചെയ്‌തതുപോലെ സൈറ്റ് പിന്തുടരുകയും തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ നിയന്ത്രിക്കുന്ന ഓരോ കമാൻഡര്‍മാരെയും ഇല്ലാതാക്കുകയും ചെയ്യും” എന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു.
തെക്കൻ ഗാസയില്‍ കരയാക്രമണം ഇസ്രയേല്‍ സൈന്യം ശക്തമാക്കിയിട്ടുണ്ട് . കഴിഞ്ഞ ദിവസം മാത്രം 700-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.. തെക്കൻ ഗാസയിലെ നഗരമായ ഖാൻ യൂനിസിന്റെ വടക്ക് ഭാഗത്തേക്ക് ഇസ്രയേല്‍ സൈന്യം നീങ്ങുന്നതായി ബിബിസി സ്ഥിരീകരിച്ചു. വടക്കൻ ഗാസയില്‍ നടത്തിയ ശക്തമായ പോരാട്ടം തെക്കൻ മേഖലയിലും ആവര്‍ത്തിക്കുമെന്നാണ് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) തലവൻ ലെഫ്റ്റനന്റ് ജെനറല്‍ ഹെര്‍സി ഹാലെവി സൈനികരോട് പറഞ്ഞത്. ഗാസയില്‍ കരയുദ്ധം ഇനിയും വ്യാപിപ്പിക്കുമെന്ന് ഐഡിഎഫ് വക്താവും വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച വടക്കൻ ഗസ്സയിലെ ജബല്യ അഭയാര്‍ഥി ക്യാമ്ബില്‍ വീണ്ടും ആക്രമണം ഉണ്ടായി.ശനിയാഴ്‌ച ഇസ്രായേല്‍ ജബല്യയെ ലക്ഷ്യമിട്ട് പ്രമുഖ ഫലസ്തീനിയൻ ശാസ്ത്രജ്ഞൻ സുഫ്യാൻ തായെയെ കൊലപ്പെടുത്തിയതായി പലസ്തീൻ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു.ജാബല്യ ക്യാമ്ബില്‍ കഴിയുന്നവര്‍ക്ക് ഐഡിഎഫില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ അറിയാൻ ഇൻറര്‍നെറ്റ് ലഭ്യതയുണ്ടായിരുന്നില്ലെന്ന് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ആശുപത്രികള്‍, വീടുകള്‍, അഭയാര്‍ത്ഥി ക്യാമ്ബുകള്‍ എന്നിവയുടെയെല്ലാം പരിസരങ്ങളില്‍ ബോംബാക്രമണം നിലയ്ക്കാതെ തുടരുകയാണ്. നിലവില്‍ ഖാൻ യൂനിസ് നടക്കുന്ന ആക്രമണം, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ത്രീവ്രത നിറഞ്ഞതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വെടിനിര്‍ത്തലില്‍ ബന്ദികളാക്കിയ 110 പേരെ ഹമാസും 240 പേരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.
ഞായറാഴ്ച ഖാൻ യൂനിസിലെ പല ജില്ലകളിലേയും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിര്‍ദേശം നല്‍കിയിരുന്നു. ഹമാസിന്റെ നേതാക്കള്‍ നഗരത്തിലുണ്ടെന്ന അനുമാനത്തിലാണ് ഇസ്രയേല്‍. വടക്കൻ ഗാസയില്‍ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അഭയം തേടിയ ഖാൻ യൂനിസ് ഉള്‍പ്പടെയുള്ള തെക്കൻ മേഖലയിലെ നഗരങ്ങളിലായിരുന്നു. സാധാരണക്കാരെ കൊലപ്പെടുത്തുന്നത് പരമാവധി ഒഴിവാക്കാനുള്ള ശ്രമം സൈന്യം നടത്തുന്നുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഉപദേശകനെ ഉദ്ധരിച്ചുകൊണ്ട് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
114 പുരുഷന്മാരും 20 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടെ 136 പേര്‍ ഇപ്പോഴും ഹമാസിന്റെ തടങ്കലില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് ഇതില്‍ 10 പേര്‍ 75 വയസ്സോ അതില്‍ കൂടുതലോ ഉള്ളവരാണ്.ബന്ധികളില്‍ ഭൂരിഭാഗവും പേര്‍ ഇസ്രയേലികളാണ് എന്ന്‌ഇസ്രായേല്‍ സര്‍ക്കാരിന്റെ വക്താവ് എയ്‌ലോണ്‍ ലെവി വ്യക്തമാക്കി. ഇവരില്‍ എത്രപേര്‍ ഇനി ജീവനോടെ ഉണ്ട് എന്നതിന് തെളിവൊന്നുമില്ല . ഇന്റലിജൻസ് റിപ്പോര്‍ട്ടുകളും മറ്റ് വിവരങ്ങളും അനുസരിച്ച് നിരവധി പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന വക്താവ് റിയര്‍ അഡ്മിൻ ഡാനിയല്‍ ഹഗാരി അറിയിച്ചു.
ഹമാസ് തടങ്കലില്‍ നിന്ന് മോചനം ലഭിച്ചവര്‍ ഭീകരര്‍ തങ്ങളോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായിട്ടാണ് പെരുമാറിയതെന്ന് പറഞ്ഞിട്ടുണ്ട് . മോശം ഭക്ഷണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും, ഇരുട്ടുമുറികളില്‍ ഒറ്റയ്‌ക്ക് താമസിപ്പിച്ചുവെന്നും ഇവര്‍ പറഞ്ഞു.. ദിവസത്തില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് അവരെ പകല്‍ വെളിച്ചം കാണിച്ചിരുന്നത്. ഭക്ഷണം വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ പഴങ്ങളോ പച്ചക്കറികളോ മുട്ടയോ ഒന്നും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.
സമയം കളയാൻ എന്തെങ്കിലും എഴുതാൻ വേണ്ടി പേനയോ പെൻസിലോ ആവശ്യപ്പെട്ടുവെങ്കിലും ഭീകരര്‍ അത് നല്‍കിയില്ല. എഴുത്തുകള്‍ വഴി വിവരങ്ങള്‍ കൈമാറിയേക്കാമെന്ന് അവര്‍ ഭയന്നിരുന്നു. അടുത്തുള്ളവരോട് സംസാരിക്കുക എന്നത് മാത്രമായിരുന്നു സമയം കളയാനുള്ള ഏകവഴി. ഹമാസില്‍ നിന്ന് മോചനം ലഭിച്ചവര്‍ ഇപ്പോഴും ശരിയായ മാനസികാവസ്ഥയിലേക്ക് മാറിയിട്ടില്ലെന്നും, കഴിഞ്ഞ ദിവസങ്ങള്‍ അവരില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു
ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തലിന് ശേഷം വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം ഗാസ ആക്രമണം പുനരാരംഭിച്ച സമയത്താണ് ബന്ദികളുടെ മരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം വരുന്നത്.
വെടിനിര്‍ത്തല്‍ സമയത്ത് , 81 ഇസ്രായേലികളും 23 തായ് പൗരന്മാരും 1 ഫിലിപ്പിനോയും ഉള്‍പ്പെടെ 105 സിവിലിയൻമാരെ ഗാസയിലെ ഹമാസിന്റെ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ ഭാഗത്ത് നിന്നും 210 പലസ്തീൻ തടവുകാരെയാണ് വിട്ടു കൊടുത്തത്. ഇസ്രായേല്‍ വിട്ടു കൊടുത്തവരെല്ലാം സ്ത്രീകളും കുട്ടികളും ആണ്
സമാധാനചര്‍ച്ച അടഞ്ഞ അധ്യായമാണെന്നും ചര്‍ച്ചയില്‍ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും ഇസ്രായേല്‍ ആരോപിച്ചു .ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നു പിന്നോട്ടുപോകില്ലെന്നും അതുവരെ ഗാസയില്‍ വെടിനിര്‍ത്തലിന് വഴങ്ങില്ലെന്നും ഇസ്രയേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി .കിന്റര്‍ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍, കളിസ്ഥലങ്ങള്‍, പള്ളികള്‍ എന്നിവയ്‌ക്ക് സമീപമോ അകത്തോ സ്ഥിതി ചെയ്യുന്ന ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്കുള്ള 800-ലധികം ഷാഫ്റ്റുകളില്‍ 500 എണ്ണം ഐഡിഎഫ് സൈന്യം ഇല്ലാതാക്കിയിട്ടുണ്ട് . “ജബാലിയ, അല്‍-ഷുജയ്യ, അല്‍-സൈടൂണ്‍, ഗാസയിലെ പഴയ നഗരം എന്നിവിടങ്ങളിലെ താമസക്കാരോട് വീടുകള്‍ ഉടൻ ഒഴിഞ്ഞു പോകാൻ ശനിയാഴ്ചയും ഞായറാഴ്ചയും ഇസ്രായേല്‍ ഓണ്‍ലൈൻ മുന്നറിയിപ്പ് നല്‍കിയിരുന്നു .