വിനോദ സഞ്ചാരമേഖലയിൽ വേഗതയേറിയ മുന്നേറ്റമാണുള്ളത്: എത്തനിക് വില്ലേജ് പദ്ധതിയ്ക്കായി 1.27 കോടി രൂപ അനുവദിച്ചതായി മന്ത്രി
[ad_1]

തിരുവനന്തപുരം: കേരളം വിനോദസഞ്ചാരമേഖലയിൽ അതിവേഗം മുന്നേറുന്ന കാലഘട്ടമാണിതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിർമാണം പൂർത്തീകരിച്ച ടൂറിസം വകുപ്പ് ഇക്കോ ലോഡ്ജുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയെ സംബന്ധിച്ച ഒരു പ്രാധാന്യമുള്ള പദ്ധതിയാണിത്. അനുദിനം ഇടുക്കിയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ അവർക്കായി താമസം ഒരുങ്ങുന്നത് വളരെ ആഹ്ലാദകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിനോദ സഞ്ചാരരംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകുന്ന ജില്ലയാണ് ഇടുക്കി. ജില്ലയ്ക്കായി വിഭാവനം ചെയ്യുന്ന പദ്ധതിയാണ് എത്തനിക് വില്ലേജെന്നും ഇതിനായി ഒരുകോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ എൻ ഊര് പൈതൃക ഗ്രാമം എന്ന പദ്ധതിക്കുമായി ബന്ധമുള്ള പദ്ധതിയാണിത്. കേരളത്തിലെ വിവിധ ഗോത്രവിഭാഗങ്ങളുടെ തനത് ജീവിതശൈലി, കല, കരകൗശലനിർമാണം, ഭക്ഷണം എന്നിങ്ങനെയുള്ളവ ആഗോളതലത്തിൽ പരിചയപ്പെടുത്തും. ഇടുക്കി ജില്ലയിലാണ് ഈ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ഉത്തരവാദിത്വ ടൂറിസം മിഷനും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായിട്ടാണ് എത്തനിക്ക് വില്ലേജ് പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും നിരവധി പുരസ്‌കാരങ്ങൾ കേരള ടൂറിസത്തിന് ലഭിച്ചിട്ടുണ്ട്. നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവുമാണ് ഇത്തരം പുരസ്‌കാരങ്ങളെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തിലെ സാധ്യതകളിൽ മറ്റൊന്നാണ് തീർത്ഥാടന ടൂറിസം. ഇതിനായി ടൂറിസം വകുപ്പ് നടപ്പിലാക്കിയ മൈക്രോസൈറ്റുകൾ ശ്രദ്ധേയമാണ്. കേരളത്തിന്റെ തീർത്ഥാടനടൂറിസത്തെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുവാനുള്ള മാർഗമാണ് മൈക്രോസൈറ്റുകൾ. ശബരിമലക്കായി ബഹുഭാഷ മൈക്രോസൈറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങൾ പരിചയപ്പെടുത്തുകയും പ്രത്യേകതകൾ വിവരിക്കുകയും ചെയ്യുന്ന മൈക്രോസൈറ്റാണ് തയ്യാറാക്കി വരുന്നത്. ഓരോ ആരാധനാലയങ്ങളിലേക്കുള്ള റൂട്ടുകൾ, ആരാധനാലയങ്ങളുടെ അടുത്തുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ ലഭിക്കും വിധമാണ് തയ്യാറാക്കുന്നത്. അതുപോലെ മറ്റൊരു പദ്ധതിയാണ് സിനിമ ടൂറിസം. വരും കാലങ്ങളിൽ കേരളത്തിലെ സിനിമ ലൊക്കേഷനുകൾ സഞ്ചാരികളെ ആകർഷിക്കും വിധം വികസിപ്പിക്കുന്ന പദ്ധതിയാണിത്. ഇടുക്കി ജില്ലയിലും നിരവധി സിനിമ ലൊക്കേഷനുകളുണ്ട്. അവയെല്ലാം സിനിമ ടൂറിസത്തിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
[ad_2]