ന്യൂയോർക്ക് : ചിക്കൻഗുനിയ രോഗബാധിതനായി ജീവിതകാലം മുഴുവൻ സന്ധിവേദനയും, ശാരീരിക പ്രശ്നങ്ങളുമായി ജീവിക്കേണ്ട അവസ്ഥയ്ക്ക് പരിഹാരവുമായി യൂറോപ്യയിലെ പ്രശസ്ത വാക്സിൻ നിർമ്മിതാക്കൾ വാക്സിൻ പുറത്തിറക്കി . വർഷങ്ങളായി വാക്സിൻ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച യൂറോപ്പിലെ ‘വാൽനേവ’ എന്ന കമ്പനിയാണ് ചിക്കൻ ഗുനിയിക്കെതിരെ വാക്സിൻ വികസിപ്പിച്ചത്. അമേരിക്കൻ ആരോഗ്യ വിഭാഗം അംഗീകാരം നൽകിയ വാക്സിൻ ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണനം ചെയ്യും.
18 വയസ്സ് മുകളിലുള്ളവർക്ക് വാക്സിൻ എടുക്കാം.
അല്‍ഫാവൈറസുകളാണ് രോഗകാരികളായ വൈറസുകള്‍. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.സാധാരണ ഗുരുതരമായ ശാരീരികപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്ത ചിക്കുന്‍ഗുനിയ, അപൂര്‍വമായി നവജാത ശിശുക്കളിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ്, എന്‍സിഫലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കാം.
ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. വീടിന്റെ പരിസരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലും ചിരട്ടകളിലും മറ്റും ശേഷിക്കപ്പെടുന്ന ജലത്തിലാണ് ഈഡിസ് കൊതുകുകള്‍ പ്രജനനം നടത്തുന്നത്. പകല്‍സമയങ്ങളിലാണ് ഇവ മനുഷ്യനെ കടിക്കുന്നത്. മനുഷ്യരക്തം കുടിക്കുന്ന പെണ്‍കൊതുകുകള്‍ രോഗവ്യാപനം നടത്തുന്നു.