ഇന്ത്യ-ന്യൂസിലൻഡ് സെമിയിലേയ്ക്ക് ഫുട്ബാള്‍ ഇതിഹാസം ബെക്കാമും

മുംബൈ :ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനല്‍ മത്സരം കാണാൻ ഫുട്ബാള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും എത്തുമെന്ന് റിപ്പോര്‍ട്ട്.

മുൻ ഇംഗ്ലീഷ് സൂപ്പര്‍താരം യൂനിസെഫ് ഗുഡ്‌വില്‍ അംബാസഡറെന്ന നിലക്ക് ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്നുണ്ട്.

സെമി മത്സരം കാണാനായി ബെക്കാം വാംഖഡെ സ്റ്റേഡിയത്തിലെത്തുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രിക്കറ്റിലൂടെ സ്ത്രീകളെയും കുട്ടികളെയും ശക്തീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പദ്ധതിയില്‍ യുനിസെഫും പങ്കാളിയാണ്. അങ്ങനെയെങ്കില്‍ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ബെക്കാമും വി.വി.ഐ.പി ഗാലറിയിലിരുന്ന് കളി കാണാനുണ്ടാകും. മുൻ താരങ്ങളും സെലിബ്രിറ്റികളും ഉള്‍പ്പെടെ നിരവധി പ്രമുഖരും കളി കാണാനെത്തും.

ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് മത്സരം. റൗണ്ട് റോബിൻ ലീഗിലെ ഒമ്ബത് മത്സരങ്ങളും ജയിച്ച്‌ ഒന്നാം സ്ഥാനക്കാരായാണ് രോഹിത് ശര്‍മയും സംഘവും സെമിയിലെത്തിയത്. എല്ലാവരെയും തോല്‍പിച്ച്‌ സെമിയില്‍ കടക്കുന്ന ചരിത്രത്തിലെ ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ആധികാരികമായിരുന്നു എല്ലാ ജയങ്ങളും. ലീഗ് റൗണ്ടില്‍ കീവീസിനെ തോല്‍പിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം.

ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ ഫോം കണ്ടെത്തുന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ. നാലാം സ്ഥാനക്കാരായാണ് കീവീസ് സെമിയിലെത്തിയത്. 2019ല്‍ ഇംഗ്ലണ്ട് വേദിയായ ലോകകപ്പില്‍ സെമിയില്‍ ഇന്ത്യയെ തോല്‍പിച്ചാണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. ഈ തോല്‍വിയുടെ കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് മുംബൈയിലെ സെമി പോരാട്ടം.