സ്കൂൾ ഉച്ചഭക്ഷണം : സംരക്ഷണ സമിതി രൂപീകരിക്കാൻ സർക്കാർ

കോഴിക്കോട്: ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ സ്‌കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാൻ സർക്കാർ നിർദ്ദേശം. ഈ മാസം മുപ്പതിന് മുൻപായി സമിതി രൂപീകരിക്കണം എന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സമിതിയിലൂടെ പദ്ധതിക്കാവശ്യമായ പലിശരഹിത വായ്‌പ, സംഭാവനകൾ, സിഎസ്ആർ ഫണ്ടുകൾ എന്നിവ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരാണ് പദ്ധതിയുടെ അറുപത് ശതമാനം ചെലവ് നൽകിയിരുന്നത്. എന്നാൽ ഈ പണം ലഭിക്കുന്നതിലുള്ള കാലതാമസം ഉച്ചഭക്ഷണ പദ്ധതിയുടെ നടപ്പിനെ പ്രതികൂലാമയി ബാധിക്കുന്നതായി സർക്കുലറിൽ പറയുന്നു. ഇതിനെ തുടർന്നാണ് വാർഡ് മെമ്പർ കൺവീനറായി ആറംഗ സംരക്ഷണ സമിതി രൂപീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നർദ്ദേശം നൽകിയത്. പലിശ രഹിത സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ചാൽ, ഉച്ചഭക്ഷണ ഫണ്ട് ലഭിച്ചാലുടൻ തിരികെ നൽകണമെന്നും നിർദേശമുണ്ട്. നിലവിൽ പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത സ്കൂളുകളിൽ സംഭാവനകൾ സ്വീകരിച്ച് പദ്ധതി നടപ്പാക്കാവുന്നതാണെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പിന്നാക്ക, ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽ സംഭാവനയും പലിശരഹിത വായ്പ്‌പുമെല്ലാം വാങ്ങി എത്ര കാലം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന ആശങ്കയും ഉണ്ട്. പദ്ധതിക്കായി ഒരു വർഷത്തേക്ക് 66,000 ടണ്ണിലധികം അരിയാണ് കേരളത്തിന് ആവശ്യമായി വരിക. അരി മുഴുവൻ കേന്ദ്രം സൗജന്യമായാണ് അനുവദിക്കുന്നത്. വിദ്യാർഥികളുടെ രുചി കണക്കിലെടുത്തു കേരളത്തിൽ വിളയുന്ന അരി ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാൻ അവസരം നൽകണമെന്ന് നേരത്തെ കേരളം കേന്ദ്രത്തിന് അപേക്ഷ നൽകിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അരി കേരളത്തിലെ വിദ്യാർഥികൾക്ക് രുചികരമല്ല, അതിനാൽ കേരളത്തിലെ അരി ഇവിടെ തന്നെ വിനിയോഗിക്കുന്നതിനു കേന്ദ്രം പണം അനുവദിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയെ തുടർന്ന് രണ്ടാം ഗഡുവായി 55.16 കോടി രൂപ നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അധ്യയന വർഷാവസാനം വരെ പദ്ധതി തുടരാൻ ഇത്രയും തുക തികയുമോയെന്ന് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. പദ്ധതിക്ക് ആവശ്യമെങ്കിൽ കൂടുതൽ തുക നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുടെ തുക നൽകേണ്ടത് സ്കൂ‌ളുകളിലെ പ്രഥമാധ്യാപകരുടെ ബാധ്യതയല്ലെന്ന് ഹൈക്കോടതി

ആവർത്തിച്ച് പരാമർശിച്ചിരുന്നു

 സ്കൂൾ ഭക്ഷണ സംരക്ഷണ സമിതിയുടെ ചുമതലകൾ

1 സ്കൂളുകൾക്ക് അർഹമായ ഉച്ചഭക്ഷണ ഫണ്ട് ലഭിക്കുന്നതിൽ എന്തെങ്കിലും കാലതാമസം നേരിടുന്ന പക്ഷം പദ്ധതി മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ഈ വിഷയത്തിൽ സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റിയ്ക്ക് എല്ലാവിധ പിന്തുണയും സഹായ സഹകരണങ്ങൾ ലഭിക്കുകയും ചെയ്യുക

2) പ്രാദേശിക വിഭവ സമാഹരണത്തോടെ അധിക വിഭവങ്ങൾ ഉൾപ്പെടുത്തി ഉച്ച ഭക്ഷണ പദ്ധതി മെച്ചപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിക്കുക.

3) രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ പൗര പ്രമുഖർ എന്നിവരിൽ നിന്നും പലിശ രഹിത സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുവാൻ കഴിയുമോ എന്ന് ഉച്ച ഭക്ഷണ സമിതിയിൽ ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്. ഇങ്ങനെ സ്വീകരിക്കുന്ന സാമ്പത്തിക സഹായങ്ങൾ ഉച്ചഭക്ഷണം ഫണ്ട് ലഭ്യമാകുന്ന മറയ്ക്ക്ക് പ്രധാനാധ്യാപകൻ തിരികെ നൽകേണ്ടതാണ്.

4) രക്ഷകർതൃ പൊതുസമൂഹത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹായ സഹകരണത്തോടെയും സി.എസ്.ആർ ഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്തിയും അർഹതപ്പെട്ട കുട്ടികൾക്ക് പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുക.

5) നിലവിൽ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത സ്കൂളുകളിൽ പി ടി എ ഫണ്ടിൽ നിന്നോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നോ, വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് സംഭാവനകൾ/സ്പോൺസർഷിപ്പ് എന്നിവ സ്വീകരിച്ച് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കാവുന്നതാണ്.