തൃഷക്കെതിരായ സ്‌ത്രീവിരുദ്ധ പരാമര്‍ശം; മൻസൂ‌ര്‍ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

ന്യൂഡല്‍ഹി: ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടി തൃഷ കൃഷ്ണനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടൻ മൻസൂര്‍ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ.
ഒരു അഭിമുഖത്തിലായിരുന്നു മൻസൂര്‍ അലിഖാന്റെ അപകീര്‍ത്തികരമായ പരാമര്‍ശം. തൃഷയ്‌ക്കൊപ്പം ലിയോയില്‍ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് താൻ കരുതി. പഴയ സിനിമകളില്‍ ബലാത്സംഗ സീനുകള്‍ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാല്‍ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റില്‍ തൃഷയെ അവര്‍ കാണിച്ചില്ലെന്നായിരുന്നു നടൻ പറഞ്ഞത്.

മൻസൂര്‍ അലി ഖാന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് തൃഷ വിഷയത്തില്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. വെറുപ്പുളവാക്കുന്ന രീതിയില്‍ മൻസൂര്‍ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാമര്‍ശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.

മൻസൂര്‍ അലിഖാന്റെ വിവാദ പരാമര്‍ശത്തിനെതിരെ ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും നേരത്തെ രംഗത്തെത്തിയിരുന്നു.