ന്യൂഡല്‍ഹി: പാർലമെന്റിൽ രണ്ട് യുവാക്കൾ കടന്നുകയറി എംപിമാർക്ക് നേരെ കളർ സ്പ്രേ പോലുള്ള വാതകം പ്രയോഗിച്ചു.
ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി എം.പി മാര്‍ക്ക് നേരെ കളർ സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. ഇതിൽനിന്ന് വമിച്ച കളർ പുക ശ്വസിച്ച് എംപിമാർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. അതേസമയം പാർലമെന്റ് പുറത്തും ഒരു യുവതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മുദ്രവാക്യം മുഴക്കി.ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തിയത്.ഇവരിൽ നിന്നും മഞ്ഞനിറത്തിലുള്ള സ്പ്രേ പിടികൂടിയിട്ടുണ്ട്
ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. കർണാടകയിൽ നിന്നുള്ള ബിജെപി എം.പി നൽകിയ പാസിലാണ് പ്രതിഷേധക്കാരായ യുവാക്കൾ ലോക്സഭയിൽ കടന്നുകയറിയത്.
സംഭവത്തിൽ ഒരു യുവതിയടക്കം നാലു പേരെ കസ്റ്റഡിയിലെടുത്തു. ഒരു സംഘടനയുമായും തങ്ങൾക്ക് ബന്ധമില്ലെന്ന് പിടിയിലായവർ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു.
തൊഴിലില്ലായ്മക്കെതിരെയും കർഷക പ്രശ്നങ്ങൾ ഉയർത്തിയുമാണ് തങ്ങളുടെ സമരം എന്ന് പിടികൂടിയവർ പറഞ്ഞു.